ഭോപ്പാൽ: 21.06 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ബിജെപി നേതാവും മധ്യപ്രദേശിലെ ശാജാപൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാർ മാൽവിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോർ സ്വദേശിയായ അശോക് വിജയവർഗിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അശോകിൽ നിന്ന് തട്ടിയെടുത്ത 50 ലക്ഷം രൂപ മാൽവിയയുടെ ബാങ്ക് അക്കൗണ്ടിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 2025 ഡിസംബറിലാണ് കേസിനാസ്പദമായ തട്ടിപ്പ് ആരംഭിച്ചതെന്നാണ് പോലീസ് പറഞ്ഞു. ദിവ്യ എന്ന പേരിൽ പരിചയപ്പെടുത്തിയ യുവതിയാണ് അശോക് വിജയവർഗിയയെ വാട്സ്ആപ്പിലൂടെ സമീപിച്ചത്.
ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിച്ചാൽ വൻതുക ലാഭമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം ഇയാളുമായി ബന്ധം സ്ഥാപിച്ചത്. തുടക്കത്തിൽ ചെറിയൊരു തുക പിൻവലിക്കാൻ അനുവദിച്ചതോടെ നിക്ഷേപ പദ്ധതി യഥാർഥമാണെന്ന് ഇയാൾ കരുതി. പിന്നീട് വ്യാജ യുഎസ്ഡിടി ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം 33 കോടി രൂപയിലധികമായി ഉയർന്നതായി കാണിച്ചു.
എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഇൻകം ടാക്സ്, റിസ്ക് മാർജിൻ തുടങ്ങിയ പേരുകളിൽ പുതിയ തുകകൾ ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും 76 ബാങ്ക് അക്കൗണ്ടുകളിലേക്കായി 21.06 കോടി രൂപ കൈമാറിയിരുന്നു. തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാൽവിയയിലേക്ക് അന്വേഷണം എത്തിയത്.
ഇയാളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ആദ്യഘട്ടത്തിൽ ഏകദേശം 77 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. ഇതിൽ 50 ലക്ഷം രൂപ കേസിലെ തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പിന്റെ പണം ഈ അക്കൗണ്ടിലൂടെ കൈമാറാൻ അനുവദിച്ചതിന് രണ്ട് ശതമാനം കമ്മീഷൻ വാങ്ങിയതായി ചോദ്യം ചെയ്യലിൽ മാൽവിയ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ഇയാളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ 2.5 കോടി രൂപയിലധികം സംശയാസ്പദ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. 20,000ലേറെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാജ ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമിന് പിന്നിൽ പ്രവർത്തിച്ച യഥാർഥ സൂത്രധാരന്മാരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഐപി വിലാസങ്ങൾ, വാട്സ്ആപ്പ് ആശയവിനിമയങ്ങൾ, യുഎസ് കൺട്രി കോഡുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Be the first to comment