സിജെപി പ്രതിഷേധത്തിൽ ​ISI ; നിർണായക വെളിപ്പെടുത്തൽ നടത്തിയ അമൃത്സർ കമ്മീഷണറെ നീക്കി

ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ഐഎസ്ഐ സാന്നിധ്യമുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ അമൃത്സർ പൊലീസ് കമ്മിഷണർ ഗുർപ്രീത് സിം​ഗ് ഭുള്ളറെ നീക്കി. അമൃത്സർ ബോർഡർ റേഞ്ച് ഡിഐജിയായ ഹർമൻബീർ സിം​ഗിനെയാണ് പുതിയ പൊലീസ് കമ്മിഷണറായി നിയമിച്ചത്. ഓഗസ്റ്റ് ഏഴിന് പഞ്ചാബ് ആഭ്യന്തരകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉത്തരവ് വന്നതോടെ ഗുർപ്രീത് സിം​ഗിന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. പോലീസ് മേധാവിയുടെ പരാമര്‍ശത്തിന് സ്ഥലംമാറ്റവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് മുന്‍ കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു ചോദിച്ചു. ഭുള്ളറുടെ പ്രസ്താവനകൾ എഎപിക്കുള്ളിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

പാകിസ്ഥാൻ ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി അമൃത്സർ പൊലീസ് കമ്മിഷണറേറ്റ് അറിയിച്ചതിന് പിന്നാലെയാണ് സ്ഥലംമാറ്റം. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. വിദേശത്തുള്ള ഐഎസ്ഐ ഹാൻഡ്ലർമാരുടെ നിർദേശപ്രകാരം പ്രതികൾ പ്രവർത്തിച്ചെന്നും സുരക്ഷാ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തിയെന്നും ‌ആരോപണമുണ്ട്.

അറസ്റ്റിലായവരിൽ ചിലർ ജന്തർ മന്തർ സന്ദർശിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തതായി കമ്മീഷണർ ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ പെട്രോൾ ബോംബുകൾ ഉപയോഗിച്ച് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മൂന്ന് പിസ്റ്റളുകൾ, ഒമ്പത് ലൈവ് വെടിയുണ്ടകൾ, നാല് പെട്രോൾ ബോട്ടിൽ ബോംബുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പഞ്ചാബ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. അറസ്റ്റിലായവർ ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവരാണെന്നോ പ്രതിഷേധക്കാരുമായി ഭീകരസംഘത്തിന് ബന്ധമുണ്ടെന്നോ ഉദ്യോ​ഗസ്ഥൻ പറഞ്ഞിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി.

പൊലീസ് കമ്മിഷണറുടെ പരാമർശങ്ങൾ എഡിറ്റ് ചെയ്തതാണെന്നും അറസ്റ്റിലായവർ പ്രതിഷേധക്കാരുമായി ബന്ധപ്പെട്ടവരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടുവെന്നും സർക്കാർ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*