ഡെറാഡൂൺ: ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീയെന്ന ഗിന്നസ് ലോക റിക്കാർഡ് ഇനി ഇന്ത്യയുടെ രേണു ധരിയാലിന്. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിയായ രേണുവിന്റെ മുടിയുടെ നീളം 271.50 സെന്റിമീറ്ററാണ് (എട്ടടി പത്തിഞ്ച്).
257.33 സെന്റിമീറ്റർ നീളമുള്ള മുടിയുള്ള യുക്രെയ്ൻ സ്വദേശിനി അലിയ നാസിറോവയെ മറികടന്നാണ് രേണുവിന്റെ നേട്ടം. 2015 മുതൽ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രേണു മുടി വെട്ടിയിട്ടില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ റോബർട്ട് വാഡ്ലോയുടെ ഉയരത്തിന് (272 സെന്റിമീറ്റർ) തൊട്ടുതാഴെയാണ് രേണുവിന്റെ മുടിയുടെ നീളം.
കൃത്യമായ പരിപാലനവും പ്രകൃതിദത്ത മാർഗങ്ങളുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് രേണു പറഞ്ഞു. വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഉത്പന്നങ്ങൾ ഒഴിവാക്കി വീട്ടിൽത്തന്നെ തയാറാക്കുന്ന എണ്ണകളും ഷാമ്പൂവുമാണ് ഉപയോഗിക്കുന്നത്. ഏതാണ്ട് ഒന്പത് അടിയോളം നീളമുണ്ടെങ്കിലും കട്ടിയും തിളക്കവും ഒട്ടും കുറയാതെയാണ് രേണു ധരിയാൽ തന്റെ മുടി സംരക്ഷിച്ചുപോരുന്നത്.
മുടി കഴുകുന്നതിനും കെട്ടുകളഴിച്ചു വൃത്തിയാക്കുന്നതിനും മണിക്കൂറുകളോളം അധ്വാനം ആവശ്യമാണ്. യുട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ രേണു സമൂഹമാധ്യമത്തിലൂടെ തന്റെ മുടിപരിചരണ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ‘ഈ അംഗീകാരം എന്റെ രാജ്യത്തിനും നാടിനും വലിയ അഭിമാനമാണ്. പ്രകൃതിദത്ത സൗന്ദര്യത്തെയും സംസ്കാരത്തെയും ചേർത്തുപിടിക്കാൻ എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ,’ -ഗിന്നസ് നേട്ടത്തിനുശേഷം രേണു പ്രതികരിച്ചു.

Be the first to comment