തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. സമൂഹമാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ ഉദ്യോഗസ്ഥര്‍ പകര്‍ത്താന്‍ പാടില്ല. ഇത്തരം ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കരുത്. സാക്ഷികളുടെ സ്വകാര്യതയും കര്‍ശനമായി സംരക്ഷിക്കണം.
കേസുകളുടെ അന്വേഷണത്തെയോ പ്രോസിക്യൂഷന് നടപടികളെയോ പ്രതികൂലമായി ബാധിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി കോടതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
എക്സൈസ് ഉദ്യോഗസ്ഥര്‍ അഡ്മിന്‍മാരായുള്ള സമൂഹമാധ്യമ പേജുകളില്‍ സര്‍ക്കാരിനെയോ വകുപ്പിനെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Be the first to comment