കണ്ണൂർ: ചെറുപുഴ മീന്തുള്ളി കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടതായി ഗുരുതര ആരോപണം. ചെറുപുഴ റിവർ റാഫ്റ്റിങ് സൊസൈറ്റി പ്രസിഡന്റ് അനൂപ് വി.എ ആണ് ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്. സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്ന് അനൂപ് പറഞ്ഞു.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം ഒരുക്കാൻ 25,000 രൂപ ആവശ്യമാണെന്ന നിലപാടാണ് തഹസിൽദാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ആംബുലൻസ് തങ്ങൾ നേരിട്ട് ഏർപ്പാടാക്കാമെന്ന് റാഫ്റ്റിംഗ് ടീം അറിയിച്ചെങ്കിലും, പണമായി തന്നെ നൽകണമെന്നായിരുന്നു തഹസിൽദാറുടെ മറുപടി.
ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി. ഈ വെളിപ്പെടുത്തൽ ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്റണിയും ശരിവെച്ചിട്ടുണ്ട്. അനൂപിന്റെ വാട്ടർ റെപ്പല്ലിങ് ആക്ടിവിറ്റികൾ സ്ഥാപിക്കുന്നതിനായാണ് തിരുവനന്തപുരത്തുനിന്നും രാജേഷ് ചെറുപുഴയിൽ എത്തിയത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി തഹസിൽദാർ രംഗത്തുവന്നു. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് ചെലവുകൾക്കായി ആദ്യഘട്ടത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്നും, ആ ഒരു സാഹചര്യത്തിലാണ് റാഫ്റ്റിങ് ടീമിനോടും തുകയെക്കുറിച്ച് സംസാരിച്ചതെന്നുമാണ് തഹസിൽദാരുടെ വിശദീകരണം.

Be the first to comment