കുറഞ്ഞവില ഗ്രോസറി സ്റ്റോർ പദ്ധതി: മംദാനി ‘കള്ളനും നുണയനു’മെന്ന് ഇലോൺ മസ്ക്

വാഷിങ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി മുന്നോട്ടുവച്ച ഗ്രോസറി സ്റ്റോർ പദ്ധതിക്കെതിരെ ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോൺ മസ്ക് രൂക്ഷ വിമർശനവുമായി രംഗത്ത്. ഗ്രോസറി സ്റ്റോർ പദ്ധതിയിലെ കടകളിലൂടെ ചില നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾ വിപണിവിലയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന നിലപാടിനെ വിമർശിച്ച മസ്‌ക്, മംദാനിയെ ‘കള്ളനും നുണയനു’മെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

എക്‌സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിനോടുള്ള പ്രതികരണമായാണ് മസ്‌ക് പരാമർശം നടത്തിയത്. ഗ്രോസറി വ്യാപാര മേഖലയിൽ ലാഭവിഹിതം വളരെ കുറവാണെന്നും, അത്തരമൊരു സാഹചര്യത്തിൽ കുറഞ്ഞവിലയിൽ സാധനങ്ങൾ വിൽക്കുമെന്ന വാഗ്ദാനം പ്രായോഗികമല്ലെന്നും ഒരു പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് മറുപടിയായി മസ്‌ക്, ‘മറ്റുള്ളവരിൽ നിന്ന് വിഭവങ്ങൾ എടുത്തുകൊണ്ടാണ് അവർ ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതെ’ന്ന് മസ്ക് പ്രതികരിക്കുകയായിരുന്നു. ഇതോടൊപ്പമാണ് കള്ളനും നുണയനും എന്നതടക്കമുള്ള പ്രസ്താവനകളും നടത്തിയത്.

ന്യൂയോർക്ക് നഗരത്തിലെ അഞ്ച് സ്ഥലങ്ങളിൽ ഓരോ ഗ്രോസറി സ്റ്റോർ വീതം ആരംഭിക്കാനാണ് മംദാനി ഭരണകൂടം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 7 കോടി ഡോളറിന്റെ മൂലധന ഫണ്ടാണ് അനുവദിച്ചത്. ആദ്യ സ്റ്റോർ ബ്രോങ്ക്സിലെ ഹണ്ട്സ് പോയിന്റിൽ 2027ൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഈസ്റ്റ് ഹാർലം, ബ്രൂക്‍ലിൻ, ക്വീൻസ്, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിലും സ്റ്റോറുകൾ ആരംഭിക്കും. പദ്ധതി പ്രകാരം, സ്വകാര്യ ഗ്രോസറി ഓപ്പറേറ്റർമാരാകും സ്റ്റോറുകളുടെ ദൈനംദിന പ്രവർത്തനം, ജീവനക്കാരുടെ നിയമനം, ഉൽപന്ന ശേഖരണം, വിൽപന ക്രമീകരണം തുടങ്ങിയവ കൈകാര്യം ചെയ്യുക. എന്നാൽ സ്ഥലസൗകര്യവും മറ്റു ചില പ്രധാന ചെലവുകളും നഗരഭരണകൂടം വഹിക്കും. വിലനിർണയത്തിലും പ്രവർത്തന മാനദണ്ഡങ്ങളിലും സർക്കാറിന് നിയന്ത്രണമുണ്ടാകും.

നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾക്ക് ഏകദേശം 30 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. ഇതുവഴി ശരാശരി ഒരു ന്യൂയോർക്ക് താമസക്കാരന് പ്രതിമാസം 90 ഡോളറോളം, വർഷത്തിൽ ഏകദേശം 1,000 ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് കണക്ക്.

Be the first to comment

Leave a Reply

Your email address will not be published.


*