കാലിഫോർണിയയിൽ കാണാതായ പഞ്ചാബ് സ്വദേശി ട്രക്ക് ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന പഞ്ചാബ് സ്വദേശിയായ 24-കാരൻ ഖുഷ്കരൺദീപ് സിംഗ് (Khushkarandeep Singh) വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജൂലൈ 30 മുതൽ ഇയാളെ കാണാതായിരുന്നുവെന്നാണ് കുടുംബം അറിയിച്ചത്.

പഞ്ചാബിലെ പട്യാല ജില്ലയിലെ അടലാൻ ഗ്രാമം സ്വദേശിയായ ഖുഷ്കരൺദീപ് സിംഗ് ഏകദേശം അഞ്ച് വർഷം മുമ്പാണ് മികച്ച തൊഴിൽ അവസരങ്ങൾ തേടി അമേരിക്കയിലെത്തിയത്. കാലിഫോർണിയയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് കുടുംബത്തെ സഹായിച്ചുവരികയായിരുന്നു.

ജൂലൈ 30 മുതൽ അദ്ദേഹത്തിന്റെ ഫോൺ ബന്ധപ്പെടാനാകാതായതോടെ കുടുംബം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാലിഫോർണിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അജ്ഞാതർ വെടിവെച്ചതെന്നാണ് സൂചന. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും ഇടപെടണമെന്ന് ഖുഷ്കരൺദീപ് സിംഗിന്റെ കുടുംബം അഭ്യർഥിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*