‘ബൈ മീ എ കോഫി’ ഇത് കാപ്പിക്കടയല്ല….; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോജി എം ജോൺ

മഴക്കെടുതിക്കിടെ മുഖ്യമന്ത്രി കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘ബൈ മീ എ കോഫി’ എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞദിവസം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത ‘ബൈ മീ എ കോഫി’ (Buy Me a Coffee) എന്ന സ്ഥാപനം ‘കാപ്പിക്കട’ ആണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തെ മാധ്യമങ്ങളടക്കം പലരും വിമർശിച്ചത് വലിയ വാർത്തയായിരുന്നു.

‘ബൈ മീ എ കോഫി’ സംരംഭം ‘കാപ്പിക്കട’യല്ലെന്നും കോഴിക്കോട് കക്കോടി സ്വദേശികളായ ജിജോ, ജോസഫ് എന്നീ ചെറുപ്പക്കാർ ചേർന്ന് തുടക്കമിട്ട ക്രൗഡ് ഫണ്ടിങ് സ്റ്റാർട്ടപ്പാണെന്നും മുഖ്യമന്ത്രിയെ വിമർശിക്കുന്നവർ യുവ സ്റ്റാർട്ടപ്പ് സംരംഭകരെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. പറയുന്ന വിഷയം എന്താണെന്ന് ചുരുങ്ങിയത് ഒന്ന് ‘ഗൂഗിൾ’ ചെയ്തു‌ നോക്കാനുള്ള ഒരു സൗമനസ്യം എങ്കിലും നമ്മുടെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ കാണിക്കേണ്ടതുണ്ടെന്ന വിമർശനവും ശക്തമാണ്.

താൻ ഉദ്ഘാടനം ചെയ്തത് കാപ്പിക്കടയല്ലെന്നും, കരുവാരക്കുണ്ട് സ്വദേശികളായ രണ്ട് സഹോദരങ്ങളുടെ 400 കോടി രൂപയുടെ ആഗോള സ്റ്റാർട്ടപ്പ് സംരംഭമായ ‘ബൈ മീ എ കോഫി’യുടെ കേരളത്തിലെ ഓഫീസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

20 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ സംരംഭം സമൂഹമാധ്യമങ്ങളിലെ വരുമാനം ക്ലെയിം ചെയ്യാനുള്ള ആപ്പാണ് വികസിപ്പിച്ചത്. ചെറുപ്പക്കാരുടെ ഇത്തരം നൂതന ആശയങ്ങൾക്ക് കേരളത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുപ്പക്കാർ നിരവധി നൂതന ആശയങ്ങളുമായാണ് മുന്നോട്ടുവരുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞദിവസം കോഴിക്കോട് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. കരുവാരക്കുണ്ട് ഗ്രാമത്തിൽ ജനിച്ച രണ്ട് സഹോദരങ്ങളാണ് ഇതിന് പിന്നിൽ. അതിലൊരാൾ 13-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്‌ലോഗർ ആയിരുന്നു.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് ലഭിക്കുന്ന പണം ക്ലെയിം ചെയ്യാനായി അവർ വികസിപ്പിച്ചെടുത്ത ഈ ആപ്പ് ഇന്ന് 20 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 400 കോടി രൂപയുടെ പ്രോജക്ടാണ്. ‘ബൈ മീ എ കോഫി’ എന്നാണ് ഈ സംരംഭത്തിന്റെ മനോഹരമായ പേര്.എന്നാൽ താൻ കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയി എന്ന തരത്തിലാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്.

മലയാളികളായ രണ്ട് മിടുക്കരായ ചെറുപ്പക്കാരുടെ ആഗോള സംരംഭത്തിന്റെ കേരളത്തിലെ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് അവിടെ പോയതെന്നും ഇത്തരം ചെറുപ്പക്കാരുമായി സംസാരിക്കുമ്പോൾ നമുക്ക് വലിയ ഊർജം ലഭിക്കുമെന്നും, അവരുടെ പുത്തൻ ആശയങ്ങളെ പ്രോജക്ടുകളാക്കി മാറ്റാൻ കേരളം അവർക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*