പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം; വര്‍ഷകാല സമ്മേളനത്തിന്റെ ദിനം വര്‍ധിപ്പിക്കാനും പദ്ധതിയില്ല

മണ്ഡല പുനര്‍നിര്‍ണയ ബില്ലടക്കം കൊണ്ടുവരാന്‍ പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനോ വര്‍ഷകാല സമ്മേളനത്തിന്റെ ദിനം വര്‍ധിപ്പിക്കാനോ പദ്ധതിയില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. അതേസമയം, എഫ്‌സിആര്‍എ നിയമഭേദഗതി ബില്ല് കൊണ്ട് വരാന്‍ ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്.

കഴിഞ്ഞ ഏപ്രിലില്‍ പ്രത്യേക സമ്മേളനം വിളിച്ചാണ് വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്ലും അവതരിപ്പിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭികാതിരുന്നതോടെ ബില്‍ പാര്‍ലമെന്റ് കടന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിലെയും ഉദ്ധവ് താക്കറെ ശിവസേനയിലെയും കൂറുമാറ്റങ്ങളില്‍ പ്രതീക്ഷവെച്ചാണ് ബില്ല് വീണ്ടും കൊണ്ടുവരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ മാസം 13 വരെയാണ് വര്‍ഷകാല സമ്മേളനം. അതിന് ശേഷം മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

അതേസമയം, വര്‍ഷകാല സമ്മേളനത്തിന്റെ പതിമൂന്നാം ദിനമായ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായി.അയോധ്യ സംഭാവന കൊള്ള, പൊലീസ് അതിക്രമത്തില്‍ അമിത് ഷായുടെ പ്രസ്താവന തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചതോടെ രാജ്യസഭയും ലോക്‌സഭയും ബഹളത്തില്‍ മുങ്ങി.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബാങ്കേഴ്‌സ് ബുക്ക് എവിഡന്‍സ് ആക്ട് ബില്‍ ലോക്‌സഭയും സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*