മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു. മദ്രസകളിൽ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ വാദിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെ ഈ നിരീക്ഷണം നടത്തിയത്.
ഹർജിയിലെ ആശങ്കകളെക്കുറിച്ച് ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത് ഇങ്ങനെ:
“ഇതുകൊണ്ടൊന്നും ആകാശം ഇടിഞ്ഞുവീഴില്ല… ഇന്ന് എന്റെ മതത്തിലില്ലാത്ത ഒരു വചനം ചൊല്ലാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്ത് സംഭവിക്കും? ഞാൻ ആ മതത്തിൽപ്പെടാത്ത ആളായി മാറുമോ?”
മറ്റ് മതവിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രീതികളുമായി താരതമ്യപ്പെടുത്തി കോടതി കൂടുതൽ വ്യക്തമാക്കി:
“എല്ലാ വിദ്യാർത്ഥികളോടും കർത്താവിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന ആയിരക്കണക്കിന് ക്രിസ്ത്യൻ സ്കൂളുകളുണ്ട്. അപ്പോൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ ക്രിസ്തുമതത്തിലുള്ള കാര്യങ്ങൾ ചൊല്ലാൻ പറയുന്നതിനെ ചോദ്യം ചെയ്യാറുണ്ടോ?”
സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ധീരജ് കുമാർ ത്രിവേദി ഹാജരായി. വന്ദേമാതരം ദേശീയ ഗീതമായി (National Song) അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ മദ്രസകളിൽ പഠിക്കുന്ന കുട്ടികളുടെമേൽ അത് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹർജിക്കാരുടെ മുതിർന്ന അഭിഭാഷകൻ വാദിച്ചു. “ദേശീയ ഗാനത്തെ (National Anthem) അപേക്ഷിച്ച് നോക്കുമ്പോൾ ദേശീയ ഗീതത്തിനാണ് (National Song) പദവി കൂടുതലെന്നും” വാദമുയർന്നു. ഇതിന് മറുപടിയായി, മദ്രസകളിൽ വന്ദേമാതരം ആലാപനം നിർബന്ധമാക്കിയ സർക്കുലർ ലംഘിച്ചവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ചോദിച്ചു.
“ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലാണ് നിങ്ങൾ ഇത് ഞങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ഈ സർക്കുലർ കർശനമായി നടപ്പിലാക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ?” എന്ന് കോടതി ചോദിച്ചു. “ഇതുവരെ അത് നടപ്പിലാക്കാൻ അവർ ധൈര്യപ്പെട്ടിട്ടില്ല,” എന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ മറുപടി നൽകി. “എന്തെങ്കിലും ശിക്ഷാനടപടികൾ സ്വീകരിച്ചാൽ മാത്രമേ അത് നിർബന്ധമായിരുന്നുവെന്ന് നിങ്ങൾക്ക് വാദിക്കാൻ കഴിയൂ. ഇതുവരെ ആരെങ്കിലും ഇതിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടോ?” ബെഞ്ച് ചോദിച്ചു.
പ്രാർത്ഥനകൾ നടത്തുന്ന ക്രിസ്ത്യൻ സ്കൂളുകളുടെ ഉദാഹരണം കോടതി വീണ്ടും ഓർമ്മിപ്പിച്ചു.
തുടർന്ന്, സത്യവാങ്മൂലത്തിന്റെ രൂപത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്ന് ത്രിവേദി കോടതിയോട് അഭ്യർത്ഥിച്ചു. വെറുമൊരു ആശങ്കയുടെ പേരിൽ ഹർജിക്കാർക്ക് ഇടക്കാല ഉത്തരവ് തേടാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
“ഈ വന്ദേമാതരം വിഷയം കഴിഞ്ഞ വർഷം ജൂലൈയിൽ ലോക്സഭയിൽ 12 മണിക്കൂറോളം ചർച്ച ചെയ്തതാണ്… അത് വളരെ തർക്കവിഷയമായിരുന്നു. ഒടുവിൽ പാർലമെന്റിന് പ്രമേയം പാസാക്കാൻ സാധിച്ചില്ല. ഞാൻ 1926-ലേക്കോ 1936-ലേക്കോ പോകുന്നില്ല, 2025-ലെ കാര്യമാണ് പറയുന്നത്. പാർലമെന്റിൽ പ്രമേയം പാസാക്കാൻ കഴിയാതെ വന്നപ്പോഴാണ് അവർ ഇങ്ങനെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.” – മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി കോടതിയിൽ വ്യക്തമാക്കി.
ഇതേത്തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു.

Be the first to comment