സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ‘അമ്മത്തൊട്ടിലിൽ’ ജീവിതത്തിലേക്ക് കൈപിടിച്ചു കയറിയ കുഞ്ഞുങ്ങളുടെ എണ്ണം 1000 തികഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എത്തിയ അഞ്ച് ദിവസം പ്രായമുള്ള പെണ്കുരുന്നിന് ‘സഹസ്ര’ എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്.
2002 നവംബര്‍ 14-ന് നിലവിൽ വന്ന അമ്മത്തൊട്ടിലിലൂടെ ഇതുവരെ എത്തിയ 1000 കുട്ടികളിൽ 681 പേര് പെണ്‍കുട്ടികളും 319 പേര് ആണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ ലഭിച്ചത് തിരുവനന്തപുരത്തു നിന്നാണ് (667 പേർ). ദത്തെടുക്കാൻ ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുന്നതും ഉപേക്ഷിക്കപ്പെടുന്നതും പെൺകുഞ്ഞുങ്ങളെയാണെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി വ്യക്തമാക്കി.
അതേസമയം, അമ്മയുടെ അഭാവത്തിലുള്ള നവജാത ശിശുക്കൾക്കായി തലസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ഹ്യൂമൻ മിൽക്ക് ബാങ്ക്’ 2027 ജനുവരിയോടെ യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശിശുക്ഷേമസമിതി. ഇത് യാഥാർത്ഥ്യമായാൽ ദത്തെടുക്കൽ കേന്ദ്രത്തിലെ കുട്ടികൾക്കായി മുലപ്പാൽ ബാങ്ക് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.

Be the first to comment