മലപ്പുറം: കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.
അപകടസ്ഥലത്തിന് സമീപമുള്ള അടുത്തടുത്ത രണ്ട് വളവുകളിൽ, രണ്ടാമത്തെ വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. വളവുകളിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററായിരിക്കെ, അപകട സമയത്ത് ബസ് 100 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളപ്പാളിയിലൂടെ ടയറുകൾ കടന്നുപോയതുമൂലമുള്ള ‘ഹൈഡ്രോപ്ലെയിനിംഗ് പ്രതിഭാസവും അപകടത്തിന് ആക്കം കൂട്ടി. വേഗത കൂടിയതിനാൽ റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടുകയും, ഡ്രൈവർക്ക് നിയന്ത്രണം കിട്ടാതെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
ജൂലൈ 26-നാണ് കുറ്റിപ്പുറത്ത് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Be the first to comment