കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം മീന്തുള്ളിയിൽ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ കർഷകനെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ദുരന്ത രക്ഷാപ്രവർത്തകന്റെ മൃതദേഹം ലഭിച്ചു.പരിശീലകനും തിരുവനന്തപുരം സ്വദേശിയുമായ ആർ. രാജേഷ് (36) ഒഴുക്കിൽപെട്ടാണ് മരിച്ചത്. സ്വന്തം ലൈഫ് ജാക്കറ്റ് അപകടത്തിൽപ്പെട്ടയാൾക്ക് ഊരി നൽകിയ ശേഷമാണ് രാജേഷ് കയറിൽ തൂങ്ങി മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്.
ഓഗസ്റ്റ് 1 വൈകിട്ടാണ് സംഭവം. കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കാര്യങ്കോട് പുഴയ്ക്കും കാടിനുമിടയിലുള്ള കൃഷിയിടത്തിൽ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61) അകപ്പെടുകയായിരുന്നു. വെള്ളം കഴുത്തൊപ്പം ഉയർന്നതോടെ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രക്ഷിക്കാൻ രാജേഷും സഹ-രക്ഷാപ്രവർത്തകരായ ഷിബിനും ജിതിനും വടവുമായി ഇറങ്ങി. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിയെ ധരിപ്പിച്ച ശേഷം വടത്തിൽ പിടിച്ച് ഇക്കരെയ്ക്ക് കടക്കുന്നതിനിടെ ഏറ്റവും പിന്നിലായിരുന്ന രാജേഷിന്റെ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.
നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരൻ-ഗീത ദമ്പതികളുടെ മകനാണ് രാജേഷ്. സാഹസിക കായിക ഇനമായ റെപ്പലിങ് പരിശീലകനായ രാജേഷ് അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗമായിരുന്നു. കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്ത മുഖത്തും രക്ഷാപ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന ആളാണ് രാജേഷ്. ത്രോബോൾ ദേശീയ ടീം അംഗവും എൻ.സി.സി കെഡറ്റുകളുടെ ട്രെക്കിങ് പരിശീലകനുമായിരുന്നു. ഒരു മാസം മുൻപാണ് കണ്ണൂരിലേക്ക് പരിശീലകനായി എത്തിയത്.
വീട്ടിലെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ വേർപാടോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം. രണ്ട് വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത് ട്രെയിനിൽനിന്ന് വീണു മരിച്ചിരുന്നു. തുടർന്ന് രാജേഷിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. അഡ്വഞ്ചർ പരിശീലകനായി പ്രവർത്തിക്കുമ്പോഴും കുടുംബം പോറ്റാൻ നാട്ടിൽ മരംമുറിക്കാനും രാജേഷ് പോകുമായിരുന്നു.
രാജേഷും ഭാര്യ ഷാഫിയയും മക്കളായ ആർഷൻ, അഭിഷേക് എന്നിവരും അച്ഛനമ്മമാരും താമസിക്കുന്ന കുടുംബവീട് നിലവിൽ ജപ്തി ഭീഷണിയിലാണ്. ലൈഫ് മിഷൻ വഴി അനുവദിച്ച വീടിന്റെ നിർമ്മാണവും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാതിവഴിയിൽ മുടങ്ങി. അപകടത്തെ തുടർന്ന് കാലിൽ കമ്പിയിട്ടിട്ടുള്ള അച്ഛൻ രാജശേഖരൻ വീടിനടുത്ത് ചെറിയൊരു കട നടത്തുകയാണ്. രാജേഷിന്റെ മരണവിവരമറിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ ഗീത തെറ്റിവിള ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ ചികിത്സാച്ചെലവും രാജേഷിന്റെ കുഞ്ഞുങ്ങളുടെ പഠനച്ചെലവും ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കുടുംബം.

Be the first to comment