ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയമായ സേവനങ്ങളും പരിഗണിച്ച് ‘ഫോമാ ലൈഫ് ടൈം അച്ചീവ് മെൻറ് പുരസ്കാരം പ്രസിഡൻറ് ബേബി മണക്കുന്നേൽ , ജനറൽ കൺവീനർ ജിജു കുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരനിൽ നിന്നും ജോയി എൻ സാമുവേൽ ഏറ്റുവാങ്ങി.
2008 മുതൽ രൂപീകൃതമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ എന്ന സംഘടനയുടെ വിവിധ കമ്മറ്റികളിൽ നേതൃസ്ഥാനത്ത് തുടർന്നും, മലയാളി സമൂഹത്തിൻറെ ക്ഷേമത്തിനും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ നിസ്വാർത്ഥ സംഭാവനകളെയും കൂടി മാനിച്ചാണ് ഈ അംഗീകാരം നൽകിയത്.
ഫോമാ എന്ന സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും സംഘടനാ കാര്യങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിലും സാമുവേൽ നൽകിയ നേതൃത്വവും ആത്മാർത്ഥ സേവനവും പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ച ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അഭിപ്രായപ്പെട്ടു.
ഈ അംഗീകാരം തൻറെ വ്യക്തിപരമായ നേട്ടമല്ലെന്നും, ഫോമാ യുടെയും, അമേരിക്കൻ മലയാളി സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങൾക്കുള്ളതാണെന്നും, സാമൂഹ്യ സേവനരംഗത്ത് കൂടുതൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുവാനുള്ള പ്രചോദനം കൂടിയാണെന്നും പ്രതികരിച്ച ഇദ്ദേഹം പുരസ്കാരം സമ്മാനിച്ച ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയോടും ഫോമാ ഫാമിലിയോടുമുള്ള പ്രത്യേക നന്ദിയും ജോയി എൻ സാമുവേൽ അറിയിച്ചു.

Be the first to comment