ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരുംനാളുകളെന്ന് ഡോ. തിയോഡോഷ്യസ് മെത്രാപ്പോലീത്ത; മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് (Golden Jubilee Finale) ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന പരിപാടികൾക്കും ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന ഗംഭീരമായ പൊതുസമ്മേളനത്തിനും മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത മുഖ്യ അതിഥിയായിരുന്നു.

പൊതുസമ്മേളനം ഗായക സംഘത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ-ഇന്ത്യൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ചു . അസ്സി -വികാരി റവ. ജെസ്വിൻ ജോണിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം ഇടവക സെക്രട്ടറി ഡെന്നിസ് കുര്യൻ സ്വാഗതം ആശംസിച്ചു.

ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യ സന്ദേശത്തിലൂടെ ഇടവകയുടെ 50 വർഷത്തെ വിശ്വാസയാത്രയിൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കായി നന്ദി അർപ്പിച്ചു. യോശുവ 4:6 ഉദ്ധരിച്ച്, ഈ ജൂബിലി ആഘോഷം സ്വന്തം നേട്ടങ്ങളെയല്ല, മറിച്ച് ദൈവം സഭയിലൂടെ ചെയ്ത വൻകാര്യങ്ങളെയാണ് സ്മരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അപരിചിതമായ നാട്ടിലേക്ക് കടന്നുവന്ന് വിശ്വാസവും ആരാധനാ പാരമ്പര്യവും കാത്തുസൂക്ഷിച്ച ആദ്യകാല തലമുറയുടെ ത്യാഗങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

ബസ്തർ മിഷൻ, കനവ് പ്രോജക്ട്, ഭവന നിർമ്മാണം തുടങ്ങി ഇടവക ഏറ്റെടുത്ത ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ച മെത്രാപ്പോലീത്ത ആദ്യ തലമുറ ത്യാഗം കൊണ്ട് സഭ പണിതുവെങ്കിൽ, നിലവിലെ തലമുറ ലക്ഷ്യബോധമുള്ള ശിഷ്യത്വത്തിലൂടെ (Intentional Discipleship) അടുത്ത തലമുറയെ ആത്മീയമായി കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്തു. കഴിഞ്ഞ 50 വർഷം ‘ നടീലിന്റെ ‘ (Planting) സമയമായിരുന്നുവെങ്കിൽ, വരും 50 വർഷം ദൈവരാജ്യ ദൗത്യത്തിന്റെ ‘വർദ്ധനവിന്റേതായിരിക്കണം’ (Multiplying God’s Mission) എന്ന് അദ്ദേഹം ഉദ്ബോദിപ്പിച്ചു. ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ വീഡിയോ സന്ദേശത്തിലൂടെ ജൂബിലി ആശംസകൾ അറിയിച്ചു.

ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ ആമുഖ പ്രഭാഷണം നടത്തുകയും, ജൂബിലി കൺവീനർ എബി തോമസ് ജൂബിലി റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

ചടങ്ങിൽ ഫാർമേഴ്‌സ് ബ്രാഞ്ച് പ്രോ-ടെം മേയർ ഡേവിഡ് റീഡ് (Pro-Tem Mayor David Reid), ഫയർ ചീഫ് ഡാനിയൽ ലാറ്റിമർ (Fire Chief Daniel Latimer) എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു സംസാരിക്കുകയും ഇടവകയ്ക്ക് ജൂബിലി ആശംസകൾ നേരുകയും ചെയ്തു.

ഡാളസിലെ എക്യുമെനിക്കൽ സഭകളെ പ്രതിനിധീകരിച്ച് റവ. ഫാ. ബിനു തോമസും, ഡാളസിലെ മാർത്തോമാ ഇടവകകളെ പ്രതിനിധീകരിച്ച് റവ. ജസ്റ്റിൻ പാപ്പച്ചനും ആശംസാ പ്രസംഗങ്ങൾ നിർവഹിച്ചു. ഇടവകയിൽ നിന്നും ഉള്ള പട്ടക്കാരായ റവ. അലക്സ് കോലോത്ത്, റവ. ക്രിസ് ഡാനിയൽ, റവ. അരുൺ വർഗീസ് എന്നിവരും ആശംസകൾ അർപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*