പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്; `പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്’

കണ്ണൂർ: പയ്യന്നൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം. പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കാതെ ഇരിക്കാനാണെന്നും രാഗേഷ് വെളിപ്പെടുത്തി. അതേസമയം, പയ്യന്നൂരിൽ സിപിഎം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

22 കേസുകൾ പയ്യന്നൂരിൽ രജിസ്റ്റർ ചെയ്തെന്നും ഇതിൽ 21 കേസുകൾ തനിക്കെതിരെയുള്ള അക്രമമാണെന്നും വി കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു. ഒരു കേസ് മാത്രമാണ് സിപിഎമ്മിനെതിരെയുള്ളതെന്നും പരോക്ഷമായി പ്രതിളെ സംരക്ഷിക്കുകയാണ് സിപിഎം പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളുരിലെ വീട്ടിൽ പൂചട്ടികൾ നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിക്കപ്പെട്ടിരുന്നു. കള്ളൻ കപ്പലിലാണെങ്കിൽ കള്ളനെ പിടിക്കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ അക്രമ സംഭവങ്ങൾ പയ്യന്നൂരിൽ ഉണ്ടായി. അക്രമത്തിന് കോപ്പ് കൂട്ടുകയാണ് സിപിഎം ചെയ്യുന്നതെന്നും അതിനുള്ള ശ്രമമാണ് സിപിഎം ജില്ല സെക്രട്ടറി നടത്തുന്നതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പയ്യന്നൂരിൽ സമാധാനം നിലനിർത്താനുള്ള പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം താൻ യുഡിഎഫ് അല്ല, സ്വതന്ത്രനാണെന്നും ആവർത്തിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*