യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ (NHS) ജോലി ചെയ്യുന്ന വെള്ളക്കാരല്ലാത്ത മെഡിക്കൽ ജീവനക്കാർക്ക് നേരെ വംശീയ അധിക്ഷേപങ്ങൾ വർദ്ധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. വൃത്തികെട്ട വിദേശികൾ, കുരങ്ങൻ തുടങ്ങിയ അപമാനകരമായ പരാമർശങ്ങൾ തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും, കഴിഞ്ഞ 18 മാസത്തിനിടെ ഇത്തരം സംഭവങ്ങളിൽ വലിയ വർദ്ധനവുണ്ടായതായും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് (SoR) വ്യക്തമാക്കുന്നു.
വെള്ളക്കാരല്ലാത്ത ഡോക്ടർമാരുടെ ചികിത്സ സ്വീകരിക്കാൻ ചില രോഗികൾ തയ്യാറാകാത്ത സാഹചര്യങ്ങളും എൻഎച്ച്എസ് ജീവനക്കാർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വംശീയതയും വിവേചനവും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും, എൻഎച്ച്എസിൽ ഇത്തരം പെരുമാറ്റങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്നും SoR-ന്റെ ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ആൻഡ് മെമ്പർ റിലേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡീൻ റോജേഴ്സ് വ്യക്തമാക്കി.
എൻഎച്ച്എസിലെ അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 1.5 ദശലക്ഷത്തിലധികം വരുന്ന ജീവനക്കാരിൽ ഏകദേശം 45,000 പേരും ഇന്ത്യൻ വംശജരാണ്.
മിഡ്‌ലാൻഡിൽ ജോലി ചെയ്യുന്ന ഏഷ്യൻ വംശജനായ ഒരു സോണോഗ്രാഫർ സർവേയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ രാജ്യം പഴയതുപോലെയല്ല, എല്ലാവരും ഇവിടെ വന്ന് ഞങ്ങളുടെ ജോലികൾ ഏറ്റെടുക്കുന്നു” എന്ന് രോഗികൾ പരസ്യമായി പറയാറുണ്ട്. മാധ്യമങ്ങളിലും ചില രാഷ്ട്രീയ പാർട്ടികളിലും കാണുന്ന ഇത്തരം പ്രചാരണങ്ങളാണ് ആളുകളെ കൂടുതൽ ധൈര്യപ്പെടുത്തുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ എൻഎച്ച്എസ് ജീവനക്കാരിൽ ഏകദേശം 21 ശതമാനവും ബ്രിട്ടീഷ് പൗരന്മാരല്ല.
ഈ സാഹചര്യത്തിൽ, വംശീയ സംഭവങ്ങൾക്ക് എല്ലാ എൻഎച്ച്എസ് ട്രസ്റ്റുകളെയും ഉത്തരവാദികളാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുമെന്ന് എസ്ഒആർ അറിയിച്ചു. ഓരോ സംഭവവും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാൻ ട്രേഡ് യൂണിയനുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സംഘടന വ്യക്തമാക്കി.
ഇന്ത്യൻ വംശജരായ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടിയുള്ള യുകെയിലെ പ്രധാന പ്രതിനിധി സംഘടനയായ ‘ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ’ (BAPIO) എൻഎച്ച്എസിലെ വംശീയ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. എൻഎച്ച്എസിന്റെ വളർച്ചയിൽ വംശീയ ന്യൂനപക്ഷ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും, വംശമോ ലിംഗഭേദമോ നോക്കാതെ സേവനം നൽകുന്ന ഇവർ പൂർണ്ണ ബഹുമാനവും ഭയരഹിതമായ ജോലി സാഹചര്യവുമാണ് അർഹിക്കുന്നതെന്നും സംഘടന ഓർമ്മിപ്പിച്ചു. വെള്ളക്കാരല്ലാത്ത ജീവനക്കാർ നേരിടുന്ന വിവേചനങ്ങൾ തടയാൻ എൻഎച്ച്എസ് ട്രസ്റ്റുകൾ കർശനമായ നിരീക്ഷണവും ശക്തമായ നിയമനടടികളും സ്വീകരിക്കണമെന്നാണ് പ്രൊഫഷണൽ സംഘടനകളുടെ പ്രധാന ആവശ്യം.

Be the first to comment