കൊച്ചി: ഒരാള്‍ മറ്റൊരാള്‍ക്കെതിരേ പത്രസമ്മേളനത്തില്‍ ഉന്നയിക്കുന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമസ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ അപകീര്‍ത്തിക്കു കാരണമാകില്ലെന്ന് ഹൈക്കോടതി. പത്രസമ്മേളനത്തില്‍ ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടാകാനിടയില്ലെന്നും ആരോപണവിധേയനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നു കരുതാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ നിരീക്ഷണം.
ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്കിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന അപകീര്‍ത്തിക്കേസിലെ തുടര്‍നടപടികള്‍ കോടതി റദ്ദാക്കി.
താന്‍ കബളിപ്പിച്ചെന്നാരോപിച്ച് മറ്റൊരാള്‍ നടത്തിയ പത്രസമ്മേളനം സംപ്രേഷണം ചെയ്തത് അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ജോര്‍ജ് തോമസ് നല്കിയ സ്വകാര്യ അന്യായത്തിലായിരുന്നു അപകീര്ത്തിക്കേസെടുത്തത്. ഇതിനെതിരേ മാധ്യമസ്ഥാപനമടക്കം നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

Be the first to comment