ന്യൂഡല്‍ഹി: ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾക്ക് ബാങ്കുകളോ സിസ്റ്റം പ്രൊവൈഡര്‍മാരോ അധികനിരക്കുകള്‍ ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഭേദഗതികൾ ഉൾപ്പെടുന്ന നികുതി, നിയമ ഭേദഗതി ബില്‍ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ജൂൺ അഞ്ചിന് പുറപ്പെടുവിച്ച ഇൻകം ടാക്സ് (അമെൻഡ്മെന്റ്) ഓർഡിനൻസ്, 2026ന് പകരമായാണ് ബില്‍ അവതരിപ്പിച്ചത്.
ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലോ പാട്ടത്തിനോ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററുകള്‍ക്ക് നികുതിയിളവ് ലഭ്യമാക്കുന്ന തരത്തില്‍ ഡാറ്റാ സെന്ററുകളുടെ നിര്വചനപരിധി വിശാലമാക്കി. വിദേശ കമ്പനികൾ ഇന്ത്യയിലെ ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നികുതി ആനുകൂല്യം ലഭിച്ചിരുന്നു. ഇതാണ് ഇന്ത്യൻ കമ്പനികൾക്കുകൂടി ലഭ്യമാക്കുന്നത്.
കൂടാതെ ഇന്ത്യയില്‍നിന്ന് വിദേശത്ത് നിക്ഷേപം നടത്തുന്നവര്‍ക്ക് (ഓഫ്ഷോര്‍ ഫണ്ട്) നികുതിയിളവ് വ്യവസ്ഥകള്‍ ലളിതമാക്കി. ഇതോടൊപ്പം വിദേശനിക്ഷേപകര്‍ക്കും ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സ് ബാങ്കിനും സര്‍ക്കാര്‍ സെക്യൂരിറ്റികളിലുള്ള പലിശവരുമാനത്തിനും മൂലധന സമാഹരണത്തിനും ഇളവനുവദിക്കും. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി നിര്മാണക്കരാറുകാരുടെയും ഘടകഭാഗങ്ങള്‍ സൂക്ഷിക്കുന്ന കസ്റ്റംസ് ബോണ്ടഡ് വെയര്‍ ഹൗസുകളുടെയും നികുതിയിളവുകള്‍ 2040- 41 വരെ നീട്ടി. നിലവില്‍ ഇത് 2030-31 വരെയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദവോട്ടോടെയാണ് ബിൽ അവതരണത്തിനുള്ള അനുമതി ലഭിച്ചത്.

Be the first to comment