ന്യൂഡൽഹി: നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തെയും ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പിന്തുണയെയും പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രായേൽ ഒറ്റപ്പെട്ടു എന്ന വാദങ്ങൾ തള്ളിക്കളഞ്ഞ നെതന്യാഹു, ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും തനിക്ക് വ്യക്തിപരമായി ലഭിക്കുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണെന്ന് പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
നരേന്ദ്ര മോദി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഇന്ത്യയുമായുള്ള ബന്ധത്തിന് ഇസ്രായേൽ വലിയ പ്രാധാന്യമാണ് കൽപിക്കുന്നെന്നും കൂട്ടിച്ചേർത്തു. അമേരിക്കയെപ്പോലെ ശക്തരായ അന്താരാഷ്ട്ര സഖ്യകക്ഷികളെ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിലാണ് അദ്ദേഹം ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും സംസാരിച്ചത്. ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വൻസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശം വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന് മറ്റ് ശക്തമായ പിന്തുണകളില്ലെന്ന വാദത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ പേര് എടുത്തുപറഞ്ഞത്.
അഭിമുഖത്തിനിടയിൽ ഗസ്സയിലെ സ്ഥിതിഗതികളെ ഉത്തരകൊറിയയോട് നെതന്യാഹു ഉപമിച്ചു. ലോകത്ത് ആളുകൾക്ക് പുറത്തുപോകാൻ കഴിയാത്ത രണ്ട് സ്ഥലങ്ങൾ മാത്രമേയുള്ളൂ; ഒന്ന് ഉത്തരകൊറിയയും മറ്റൊന്ന് ഗസ്സയുമാണെന്ന് നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് യാത്രാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് മറ്റ് രാജ്യങ്ങൾ അവരെ സ്വീകരിക്കാൻ തയ്യാറാകാത്ത കാരണത്താലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ദശാബ്ദത്തിനകം ഇസ്രായേലിന്റേതായ സ്റ്റെൽത്ത്, ആളില്ലാ വിമാനങ്ങളുടെ സ്വന്തം നിര നിർമ്മിക്കാനുള്ള ആഗ്രഹവും നെതന്യാഹു അഭിമുഖത്തിൽ പങ്കുവെച്ചു. ഭാവിയിൽ വിദേശങ്ങളിൽ നിന്ന് ലഭിക്കുന്ന നിർണായക പ്രതിരോധ സഹായങ്ങൾ എപ്പോഴെങ്കിലും നിലച്ചേക്കാം എന്ന സാധ്യത മുൻനിർത്തിയാണ് ഈ തീരുമാനമെന്നും നെതന്യാഹു പറഞ്ഞു.

Be the first to comment