ന്യൂയോർക്ക് , ബ്രൂക്ക്ലിൻ :ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ICAA)യുടെ നേതൃത്വത്തിൽ ബ്രൂക്ക്ലിനിലെ Blessed Sacrament Church-ൽ സംഘടിപ്പിച്ച ‘Back to School Program’ പദ്ധതിയിൽ 210 വിദ്യാർത്ഥികൾക്ക് പഠന സാമഗ്രഹികൾ വിതരണം ചെയ്തു.
Art Lovers of America (ALA), Live On NY എന്നീ സംഘടനകളും ഈ സാമൂഹിക സേവന പദ്ധതിയിൽ പങ്കാളികളായി.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുതിയ മുഖവും പുതിയ ഭാവവും നൽകിയ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക , ഇന്ത്യയിൽ തുടരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ ന്യൂയോർക്കിലും കഷ്ടപ്പെടുന്ന ഒട്ടനവധി ആളുകൾ ഉണ്ടെന്നു തിരിച്ചറിഞ്ഞ് അവരെ സഹായിക്കുവാൻ‘ അല ’ യുടെയും ലിവ് ഓൺ ന്യൂയോർക്കിന്റെയും സഹകരണത്തോടെ രംഗത്തു വരികയായിരുന്നു.
പദ്ധതിയുടെ ഭാഗമായി 210 സമ്പൂർണ്ണ സ്കൂൾ പഠനസാമഗ്രി കിറ്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക് പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കലിന്റെയും ട്രസ്റ്റീ ബോർഡ് ചെയർമാൻ ആന്റോ വർക്കിയുടെയും നേതൃത്വത്തിൽ വിതരണം ചെയ്തു .

ഇന്ത്യൻ സമൂഹത്തിന്റെ മികച്ച പങ്കാളിത്തവും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ പരിശ്രമവും ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ കൂട്ടായ നേതൃത്വവുമാണ് ഈ പദ്ധതി ഗംഭീര വിജയമാക്കി തീർത്തതെന്നു പ്രസിഡന്റ് ജോസഫ് മാത്യു അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ സാധാരണക്കാരും പട്ടിണി അനുഭവിക്കുന്നവരും ഇല്ലെന്നാണ് നമ്മുടെ പൊതു ധാരണയെങ്കിലും, അങ്ങനെയല്ലെന്നും അത് സമൂഹത്തിന്റെ ഉപരിപ്ലവമായ ചിന്തയാണെന്നും സിറ്റി ഏരിയകളിൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന ഒട്ടനേകം പേരുണ്ടെന്നും പരിപാടി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബ്ലെസ്സഡ് സാക്രമെന്റ് ചർച്ച് അസോസിയേറ്റ് വികാരി ഫാ. ജോണി ചെങ്ങളാൻ സി എം ഐ അഭിപ്രായപ്പെട്ടു. ഒട്ടനവധി സാധുക്കളും സിംഗിൾ പേരെന്റ്സും ഉള്ള തന്റെ ഇടവക തന്നെ ഇങ്ങനെയൊരു സാമൂഹിക പദ്ധതിക്ക് തെരെഞ്ഞെടുത്തത്തിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രവർത്തകരോട് നന്ദിയുണ്ടെന്നും ജോണി അച്ചൻ അറിയിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ഈ നല്ല മാതൃക മറ്റുള്ള സംഘട്ടനകൾക്കും പ്രചോദനമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ചിറമേൽ അച്ചന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ അമേരിക്കൻ അംബാസിഡർ ആയിട്ടുള്ള ഇന്ത്യാ കാത്തലിക് അസോസിയേഷൻ കഴിഞ്ഞ കുറെ വർഷങ്ങളായി നാട്ടിൽ വിപുലമായ ചാരിറ്റി പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത് . കഴിഞ്ഞ ഒരു വർഷം തന്നെ പത്തനംതിട്ടയിലെ ചുങ്കപ്പാറയിലും കോട്ടയത്തെ കുറവിലങ്ങാട്ടിലും ഓരോ വീടുകൾ പൂർത്തീകരിക്കുവാൻ ഇന്ത്യാ കാത്തലിക് അസിസ്സിയേഷന് സാധിച്ചു. എന്നാൽ അമേരിക്കയിൽ ഇത്രയും വലിയൊരു സാമൂഹിക പദ്ധതിയിൽ അസോസിയേഷൻ ആദ്യമായി പങ്കാളികൾ ആകുന്നതിൽ ചെയർമാൻ എന്ന നിലയിൽ അതീവ സന്തുഷ്ടനാണെന്നും ആന്റോ വർക്കി അറിയിച്ചു .
പുതിയ അധ്യയന വർഷം ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും ആരംഭിക്കാൻ ഈ പദ്ധതി കുട്ടികൾക്ക് വലിയ പ്രചോദനമാകുമെന്നും ആന്റോ പ്രത്യാശിച്ചു.

പദ്ധതിയുടെ വിജയത്തിനായി സാമ്പത്തിക പിന്തുണ നൽകിയ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ അന്റോ വർക്കി കണ്ണാടൻ, എക്‌സ് ഒഫീഷ്യോ റോയ് ആന്റണി, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ലിജോ ജോൺ എന്നിവരോടുള്ള പ്രത്യേക നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി.
സെക്രട്ടറി ജെയിംസ് ഇളമ്പുരയിടത്തിൽ, വൈസ് പ്രസിഡന്റ് തോമസ് പ്രകാശ്, ട്രഷറർ ജോർജ് തോമസ് , ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജോസ് മലയിൽ, മേരി ഫിലിപ്പ് , ജോൺ കെ. ജോർജ്, ജോയിന്റ് സെക്രട്ടറി മാത്യു ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടോണി നമ്പിയാപറമ്പിൽ, ഓഡിറ്റർ സ്വപ്ന മലയിൽ , കൂടാതെ രാജു ജോർജ്, ജോയ് ജോർജ് ഫിലിപ്പ് , സ്കറിയ അഗസ്റ്റിൻ, അന്റോ പോൾ , മേഴ്‌സി മാത്യു , ജീന ജെയിംസ് എന്നിവരുടെ ആത്മാർത്ഥ സേവനവും സംഘാടനാ മികവും പരിപാടിയുടെ വിജയത്തിൽ നിർണായകമായി. അന്റോ പോളിന്റെ തുടർച്ചയായ സഹായസന്നദ്ധതയും ഉദാരമായ പിന്തുണയും ഈ പരിപാടി സംഘടിപ്പിക്കുന്നതിനു സഹായകമായി.
പരിപാടിയുടെ സഹസംഘാടകരായ Art Lovers of America (ALA), Live On NY എന്നീ സംഘടനകളുടെ നേതൃത്വത്തിനും പ്രതിനിധികൾക്കും
പരിപാടിക്ക് വേദിയും എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയ ബ്രൂക്ക്ലിൻ Blessed Sacrament Church സമൂഹത്തിനും, അസോസിയേറ്റ് വികാരി റവ. ഫാ. ജോണി ചെങ്ങളാനും സന്നദ്ധ പ്രവർത്തകർക്കായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സ്നേഹപൂർവ്വം ഒരുക്കുകയും ആത്മീയ പിന്തുണ നൽകിയതിനും സെക്രട്ടറി ജെയിംസ് ഇളമ്പുരയിടം
പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഈ സേവന പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ സ്പോൺസർമാർക്കും, പങ്കാളികൾക്കും, സന്നദ്ധ പ്രവർത്തകർക്കും, അനുഭാവികൾക്കും ഇന്ത്യാ
കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കൽ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി. ഈ പദ്ധതി ഇവിടെ അവസാനിക്കുന്നില്ലെന്നും തുടർന്നും നമ്മുടെ സമൂഹത്തിലെ അശരണർക്കായി ഇന്ത്യാ കാത്തലിക് അസോസിയേഷൻ കൈ കോർക്കുമെന്നും ഇഞ്ചക്കൽ പ്രസ്താവിച്ചു .

Be the first to comment