ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ. റഹീമാബാദ് സ്വദേശി ഉമേന്ദ്ര പ്രതാപ് സിംഗ് (31), കാമുകി ആരതി വർമ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉമേന്ദ്രയുടെ ഭാര്യ അഞ്ജലി സിംഗ് (30) ആണ് കൊല്ലപ്പെട്ടത്.
അഞ്ജലിയെ കാണാനില്ലെന്ന് ഉമേന്ദ്ര തന്നെയാണു പോലീസിൽ പരാതി നൽകിയിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗോമതി നദിയിൽനിന്ന് അഞ്ജലിയുടെ മൃതദേഹം കണ്ടെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഞ്ജലിയുടെ സഹോദരൻ പരാതി നൽകിയതോടെയാണു കൊലപാതക വിവരം പുറത്തറിയുന്നത്.
ഉമേന്ദ്രയ്ക്ക് ആരതിയുമായുള്ള അവിഹിത ബന്ധം അഞ്ജലി ചോദ്യം ചെയ്തതാണു കൊലപാതകത്തിനു കാരണമായത്. ഇരുവരും ചേർന്ന് അഞ്ജലിയെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിൽ കൊണ്ടുപോയി ഗോമതി നദിയിൽ തള്ളുകയായിരുന്നു.
അഞ്ജലി പിണങ്ങിപ്പോയതാണെന്നു വരുത്തിതീർക്കാനായി വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഉമേന്ദ്ര ആരതിക്കു കൈമാറുകയും ചെയ്തു. ഉമേന്ദ്രയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു കൊല്ലപ്പെട്ട അഞ്ജലിയുടെ സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Be the first to comment