തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി വെർച്വൽ ക്യൂ വഴി ദർശനം നടത്താം.വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ ആരംഭിച്ചു. രാവിലെ ഏഴുമുതൽ എട്ടുവരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ വഴി ഗുരുവായൂരപ്പനെ ദർശിച്ചു സായൂജ്യം നേടി.
രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നാട മുറിച്ച് വെർച്വൽ ക്യൂ ദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരിച്ചറിയൽ രേഖാ പരിശോധനയ്ക്ക് ശേഷം കെ. രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നേടിയത്.
ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്.. ഇടവിട്ട് പെയ്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ നൂറിലേറെ ഭക്തർക്ക് ആദ്യ മണിക്കൂറിൽ ദർശനം സാധ്യമായി. ഉച്ചയ്ക്ക് ഒന്ന് വരെ 1800 ഭക്തർ വെർച്വൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.
പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്.
ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ കൈയിൽ കരുതണം. ഇത് സുരക്ഷാ ജീവനക്കാർക്ക് പരിശോധനക്കായി നൽകാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അഖിയിച്ചു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകിട്ട് നാലുമുതൽ അഞ്ചുവരെയുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം. കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി ക്രമീകരിച്ചിരിക്കുന്നത്.
ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും. ദർശനത്തിനെത്തുന്ന ഭക്തർ തിരിച്ചറിയൽ രേഖ ഹാജരാക്കണം. സെപ്റ്റംബറിലെ വെർച്വൽ ക്യൂ ദർശനത്തിനായുള്ള ബുക്കിംഗ് വൈകാതെ ആരംഭിക്കും. https://guruvayurdevaswom.in എന്ന വെബ്സൈറ്റിലൂടെ ബുക്കിംഗ് നടത്താം.

Be the first to comment