പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്ന അവകാശവാദത്തിന് പിന്നാലെ ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ. ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാനും ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’എന്ന സംഘടന ആഹ്വാനം ചെയ്തു.
ബലൂചിസ്ഥാൻ സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാജ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഓഗസ്റ്റ് 11 ബലൂച് ജനത ദേശീയ ഐക്യത്തോടെ ആചരിക്കണമെന്നും വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്വതന്ത്ര ബലൂചിസ്ഥാന്റെ ദേശീയ പതാക ഉയർത്തണമെന്നും ബലൂച് വിമോചന നേതാവ് മിർ യാർ ബലൂച് ആഹ്വാനം ചെയ്തു. ചരിത്രപരമായ ഈ ദിവസത്തിന്റെ പ്രാധാന്യം വരും തലമുറകളിലേക്ക് കൈമാറുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ വർഷവും ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിക്കുമെന്ന് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ അറിയിച്ചു. പാകിസ്ഥാന്റെ നയങ്ങൾ പ്രദേശത്തെ മാത്രമല്ല, ലോകത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചുവെന്നും സംഘടന ആരോപിച്ചു.
കശ്മീർ വിഷയം, 1948-ലെ ബലൂചിസ്ഥാനിലെ സൈനിക നടപടി, 1971-ലെ കിഴക്കൻ പാകിസ്ഥാൻ യുദ്ധം, ജോർദാനിലെ പലസ്തീൻ പോരാളികളുമായി ബന്ധപ്പെട്ട സംഭവങ്ങൾ, സോവിയറ്റ്-അഫ്ഗാൻ യുദ്ധം, 1998ലെ ചാഗൈ ആണവ പരീക്ഷണങ്ങൾ, അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് ശേഷമുള്ള സംഭവവികാസങ്ങൾ എന്നിവയെ കുറിച്ചും പ്രസ്താവനയിൽ പരാമർശിച്ചു.
ആറ് കോടി ബലൂച് ജനങ്ങളെ ഉൾപ്പെടുത്തി ബലൂചിസ്ഥാൻ സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാജ്യമായി കണക്കാക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ (Republic of Balochistan) എന്ന ഔദ്യോഗിക പ്രസ്താവനയിലൂടെയായിരുന്നു പ്രഖ്യാപനം. ബലൂചിസ്ഥാൻ മേഖലയുടെ 85 ശതമാനവും ഇപ്പോൾ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും അവർ അവകാശപ്പെട്ടു.

Be the first to comment