ഇന്ത്യയുൾപ്പെടെ 60 വ്യാപാര പങ്കാളികൾക്ക് മേൽ പുതിയ തീരുവ ചുമത്തിയ ട്രംപിന്‍റെ നീക്കത്തിനെതിരെ യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ

ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്ക് മേൽ പുതിയ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ 25 യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ. 10 മുതൽ 12.5 ശതമാനം വരെയാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. തീരുവകൾ തടയുക, നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനകം ഈടാക്കിയ തീരുവകൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ന്യൂയോർക്കിലെ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പുതിയ തീരുവകൾ തടയണമെന്നും അവ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ പറയുന്നു. തീരുവ അടച്ചവർക്ക് പണം തിരികെ നൽകാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.

ജൂലൈ 24-ന് താൽക്കാലിക ആഗോള തീരുവകൾ അവസാനിച്ചതിന് പിന്നാലെയാണ് 10 ശതമാനം മുതൽ 12.5 ശതമാനം വരെ വരുന്ന പുതിയ തീരുവകൾ പ്രാബല്യത്തിൽ വന്നത്. ഇന്ത്യ ഉൾപ്പെടെ 60 വ്യാപാര പങ്കാളി രാജ്യങ്ങളെയാണ് ഇത് ബാധിക്കുന്നത്. അമേരിക്കയുടെ ഇറക്കുമതിയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന രാജ്യങ്ങൾക്കാണ് പുതിയ തീരുവ ബാധകമാകുന്നത്.

നിർബന്ധിത തൊഴിൽ തടയുന്നതിനുള്ള നടപടികൾ എന്ന പേരിലാണ് ട്രംപിന്റെ പുതിയനീക്കം. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം പ്രസിഡന്റിന് ഇത്തരം ഇറക്കുമതി തീരുവകൾ ഏർപ്പെടുത്താൻ അധികാരമില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു.

കുടുംബങ്ങൾക്കും ബിസിനസുകൾക്കും മേൽ വീണ്ടും അനധികൃതമായി നികുതി ചുമത്താനുള്ള ശ്രമമാണ് പുതിയ തീരുവകളിലൂടെ നടക്കുന്നതെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ന്യൂയോർക്ക്, കാലിഫോർണിയ, ഇല്ലിനോയ്, മസാച്യുസെറ്റ്സ്, വാഷിം​ഗ്ടൺ, വിസ്കോൺസിൻ എന്നിവയുൾപ്പെടെയുള്ള 25 സംസ്ഥാനങ്ങളും കെന്‍റകി, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട 25 സംസ്ഥാനങ്ങളിൽ 23 സംസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് ഗവർണർമാരാണ്.

Be the first to comment

Leave a Reply

Your email address will not be published.


*