നടി തൃഷയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ ദ്വയാർഥ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വസതിയിലെത്തിയാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ തഞ്ചാവൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദയനിധിയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ഡിഎംകെ പ്രവർത്തകർ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ഡി.എം.കെ ആരോപിച്ചു.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ഉദയനിധി സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ചില പ്രവർത്തകർ ‘തൃഷ, തൃഷ’ എന്ന് ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഉദയനിധി നടത്തിയ പ്രയോഗമാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതും പൊതുപ്രവർത്തകന് ചേരാത്തതുമായ പരാമർശമാണിതെന്ന് ആരോപിച്ച് ടിവികെ, ബിജെപി നേതാക്കൾ രംഗത്തെത്തി.
ഭാരതീയ ന്യായ സംഹിത, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമം, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദയനിധിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ടിവികെ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. ഉദയനിധി ഉടനടി നിരുപാധികം മാപ്പ് പറയണമെന്ന് ടിവികെ ആവശ്യപ്പെട്ടു. ഉദയനിധിയുടെ പ്രസ്താവന കേവലം ഒരു വ്യക്തിക്കെതിരെയുള്ളതല്ല മറിച്ച് രാഷ്ട്രീയ രംഗത്തെ തരംതാണ സംസ്കാരത്തിന്റെ തെളിവാണെന്ന് ടിവികെ എം.എൽ.എ രേവന്ത് ചരൺ വിമർശിച്ചു.
ബിജെപി തമിഴ്നാട് മുഖ്യ വക്താവ് നാരായണൻ തിരുപ്പതിയും പ്രസ്താവനയെ വിമർശിച്ചു. ഉദയനിധിക്കെതിരെയുള്ള നിയമനടപടി രാഷ്ട്രീയ രംഗത്ത് വ്യക്തമായ സന്ദേശം നൽകുമെന്നും ബിജെപി പ്രസ്താവിച്ചു. അതേസമയം, ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും പ്രതിപക്ഷ ശബ്ദത്തെയും അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഡിഎംകെ പാർലമെന്റിലും പ്രതിഷേധമുയർത്തി. രാജ്യസഭയിൽ ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയ എംപി പി. വിൽസൺ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു.

Be the first to comment