ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ നിഷികാന്ത് ദുബെ. കേവലം സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് മാപ്പപേക്ഷ നൽകുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും, വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സക്കർബർഗ് മാപ്പ് പറയുകയും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തില്ലെങ്കിൽ മെറ്റയ്ക്ക് ഇന്ത്യയിലെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ റദ്ദാക്കുമെന്ന് പാനൽ മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് സംരക്ഷണം നൽകുന്ന വകുപ്പാണിത്.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വീഡിയോയാണ് അർധരാത്രി 12:30 മുതൽ പുലർച്ചെ 5 മണി വരെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇതിന് പിന്നിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടോയെന്ന് സമിതി ആശങ്ക പ്രകടിപ്പിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക അക്കൗണ്ടുകളേക്കാൾ കൂടുതൽ പ്രചാരം ഇത്തരം പ്ലാറ്റ്ഫോമുകളിലെ അൽഗോരിതം വഴി അരാജകത്വം സൃഷ്ടിക്കുന്ന അക്കൗണ്ടുകൾക്ക് ലഭിക്കുന്നുണ്ടെന്ന് സമിതി വിലയിരുത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ തടയുന്നതിലും കമ്പനി പരാജയപ്പെടുന്നുവെന്ന് വിമർശനമുയർന്നു.
പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മെറ്റാ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഗൂഗിൾ, മെറ്റാ, യൂട്യൂബ് പ്രതിനിധികളും കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Be the first to comment