കോട്ടയം ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്.

പാലാ – ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം – കുമരകം – ചേര്‍ത്തല റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.

കോട്ടയം – ഇറഞ്ഞാല്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്‍ക്കുന്നം റൂട്ടുകള്‍ അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ – മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്‍പ്പ്, പേരൂര്‍, ആര്‍പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*