ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലും; വിമർ‌ശിച്ച് രാജു എബ്രഹാം

പത്തനംതിട്ടയിൽ ഉണ്ടായത് സർക്കാർ സ്പോൺസർഡ്‌ പ്രളയമെന്ന ആരോപണം ആവർത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മുന്നറിയിപ്പ് ഇല്ലാതെ ഡാമുകൾ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണം. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലും ആയിരുന്നെന്നും രാജു എബ്രഹാം ട്വന്റിഫോറിനോട് പറഞ്ഞു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ആയ മുഖ്യമന്ത്രിയെ കാണാനില്ലായിരുന്നുവെന്ന് രാജു എബ്രഹാം പറഞ്ഞു. കൃത്യമായ മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയില്ല. റെഡ് അലർട്ട് പോലും നൽകിയില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. ദുരിതശ്വാസ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ പോലുമില്ല. സന്നദ്ധസംഘടനകൾ ആണ് എല്ലാം ചെയ്യുന്നത്. ജനങ്ങൾ ക്യാമ്പുകളിലേക്ക് പോകാത്തത് അവിടത്തെ സാഹചര്യം ഭയന്നാണെന്ന് രാജു എബ്രഹാം പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടമാണെന്ന് മുൻ മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ മഴ ദുരിതം ഒഴിയാതെ തുടരുകയാണ്. അതേസമയം പത്തനംതിട്ടയിലെ മഴക്കെടുതി ദുരന്തമേഖല മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. ആറൻമുള, റാന്നി ഉൾപ്പെടെയുള്ള മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളാണ് സന്ദർശിക്കുക. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിൽ എത്തും. രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് സന്ദർർശനം.

Be the first to comment

Leave a Reply

Your email address will not be published.


*