ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന ആരോപണക്കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ. ഡൽഹി റൂസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറാണ് വിധി പ്രസ്താവിച്ചത്. കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിനൊപ്പം ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി
വനിതാ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരടക്കമുള്ളവരാണ് ബ്രിജ് ഭൂഷണിനെതിരെ ആരോപണമുന്നയിച്ചത്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഡൽഹിയിലെ ഓഫീസ്, ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതി, വിദേശ യാത്രകൾ എന്നിവയ്ക്കിടെ ലൈംഗികാതിക്രമങ്ങൾ ഉണ്ടായതായി പരാതിക്കാർ ആരോപിച്ചിരുന്നു.
പ്രോസിക്യൂഷന്റെയും പരാതിക്കാരുടെയും പ്രതികളുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി ഇന്നത്തേക്ക് മാറ്റിയത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.
2023ൽ ജന്തർ മന്തറിൽ വനിതാ ഗുസ്തിക്കാർ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് ബ്രിജ് ഭൂഷനെ പ്രതിയാക്കി ഡൽഹി പൊലീസ് കേസെടുത്തത്. 2023 ജൂൺ 15നാണ് 1500 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യൻ റെസ്ലിങ് ഫെഡറേഷന്റെ ചുമതല വഹിച്ച സമയത്ത് ഇന്ത്യയിലും വിദേശത്തും വച്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
2023-ൽ ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ലൈംഗിക പീഡനം, സ്ത്രീകളെ ആക്രമിക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
വിധിക്ക് ശേഷം ഡൽഹിയിലെ വസതിയിലെത്തിയ ബ്രിജ് ഭൂഷൺ സിങ്ങിന് അനുയായികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

Be the first to comment