ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറെ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും സംഘവുമെന്ന് സൂചന. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഭീകരർ ഒളിവിൽ കഴിയുന്നുവെന്ന സൂചനയെ തുടർന്ന് സുരക്ഷാ സേനയുടെ വ്യാപക തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ കാഷ്മീരിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കുൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി സഹായങ്ങൾ നൽകിയത് ഭട്ടിന്റെ സഹായിയായ വാരിസ് ഷാ ആണെന്നാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം. ചെറിയ തോക്കുകൾ ഉപയോഗിച്ച് പെട്ടെന്ന് ആക്രമണം നടത്തി ജനക്കൂട്ടത്തിനിടയിൽ മറയുന്ന രീതിയാണ് ഇവർ പയറ്റിയത്.
ഭീകര സംഘത്തിൽ ഒരാൾ പാക്കിസ്ഥാനിയും മറ്റൊരാൾ തദ്ദേശീയനുമാണെന്നാണ് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുൻപ് ഭീകരർ തൊഴിലാളികളോട് മതവും ജാതിയും ചോദിച്ചെന്ന് കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബം ആരോപിച്ചിട്ടുണ്ടെങ്കിലും സുരക്ഷാസേന ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തെ തുടർന്ന് സുരക്ഷ വിലയിരുത്താൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരരെ കണ്ടെത്തി തുരത്താനുള്ള നടപടികൾ ശക്തമാക്കാൻ സുരക്ഷാ ഏജൻസികൾക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി. ഇതിനിടെ ബാരാമുള്ളയിൽ നടന്ന തെരച്ചിലിൽ ആയുധങ്ങളുമായി ഒരു ഭീകരനെ സുരക്ഷാ സേന പിടികൂടി.

Be the first to comment