മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍.

കേസില്‍ ശരിരായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വീണാ ജോര്‍ജ് എത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരുക്കേറ്റു എന്നുമായിരുന്നു കേസ്. എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ഇത് വ്യാജ പരാതിയാണെന്നുമായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട്. ഫെബ്രുവരി 25നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

എസ്‌ഐടി അന്വേഷിച്ച് കേസിന്റെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത് എങ്കിലും കോടതി ഇടപെടലില്‍ അതൊഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യവും ഉണ്ടായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൂക്ഷ്മത പുലര്‍ത്താത്തതിന് സിപിഐഎം യോഗങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*