മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങൾ പരസ്യമായി തുറന്നുസമ്മതിച്ച് മുതിർന്ന സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ. മലപ്പുറത്ത് ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഫലത്തിലെ വീഴ്ചകൾ തുറന്നുകാട്ടിയത്.
ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിയതും വെള്ളാപ്പള്ളി നടേശനെ ചേർത്തുപിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളും മുന്നണിക്ക് തിരിച്ചടിയായെന്ന് ഷംസീർ വ്യക്തമാക്കി. തളിപ്പറമ്പിലും പയ്യന്നൂറിലും നടപ്പിലാക്കിയ സ്ഥാനാർഥി നിർണയം തെറ്റാണെന്ന പ്രചാരണങ്ങളിൽ വസ്തുതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയുടെ വർഗീയ അധിക്ഷേപങ്ങളെ പാർട്ടിക്ക് വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ സാധിച്ചില്ല. അയ്യപ്പസംഗമ വിഷയം ഉയർത്തിയ പ്രതികൂല തരംഗം പരാജയത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാമതൊരു ഭരണം വരുമെന്നാണ് പ്രതീക്ഷിച്ചതെന്നും, ഇങ്ങനെ തോൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ പോസ്റ്റൽ വോട്ടുകളിൽ മുന്നിലെത്തിയെങ്കിലും പിന്നീട് എല്ലാം ഒലിച്ചുപോകുന്ന കാഴ്ചയാണ് കണ്ടതെന്നും ഷംസീർ പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.

Be the first to comment