കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥർക്കായി തയാറാക്കിയ രഹസ്യ പരാതി (ഊമക്കത്ത്) അബദ്ധത്തിൽ സ്വന്തം വാട്സാപ്പിൽ സ്റ്റാറ്റസാക്കി പൊലീസുകാരൻ കുടുങ്ങി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്കാണ് (SCPO) ഈ വൻ അബദ്ധം പിണഞ്ഞത്.
കഴിഞ്ഞ ജനറൽ ട്രാൻസ്ഫറിൽ പുത്തൻകുരിശ് സ്റ്റേഷനിലേക്ക് മാറുകയും, അവിടെനിന്ന് വീണ്ടും മൂവാറ്റുപുഴ ട്രാഫിക്കിലെത്തി നിലവിൽ സ്ക്വാഡിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെതിരെയുള്ളതായിരുന്നു ഈ കത്ത്. പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പൊളിക്കാൻ ഈ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നുണ്ടെന്നും അതിനാൽ ഇയാളെ എത്രയും വേഗം അങ്കമാലിയിലേക്കോ പെരുമ്പാവൂരിലേക്കോ സ്ഥലം മാറ്റണമെന്നുമായിരുന്നു ഊമക്കത്തിലെ പ്രധാന ആവശ്യം.
പരാതി തയാറാക്കിയ ശേഷം ഉന്നതർക്ക് അയക്കുന്നതിന് പകരം അബദ്ധത്തിൽ സ്വന്തം വാട്സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റാറ്റസ് കണ്ട് ഞെട്ടിയ മറ്റ് സഹപ്രവർത്തകർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥന് അബദ്ധം മനസ്സിലായത്. തൊട്ടുപിന്നാലെ സ്റ്റാറ്റസ് വേഗത്തിൽ ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു.
സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇതിനോടകം തന്നെ കത്തിന്റെ സ്ക്രീൻഷോട്ടുകൾ എടുത്ത് പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നു. സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥനും പോലീസിനും ഇത് വലിയ നാണക്കേടായി മാറി.
രഹസ്യമായി നൽകേണ്ട പരാതി സ്വന്തം അശ്രദ്ധ കൊണ്ട് പരസ്യമായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിലാണ്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്നും, ഇയാൾക്കെതിരെ ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നുമാണ് സൂചനകൾ. ഊമക്കത്തെഴുതിയ ഈ ഉദ്യോഗസ്ഥൻ മുൻപും സമാനമായ രീതിയിൽ പോലീസിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ള ആളാണെന്നും റിപ്പോർട്ടുകളുണ്ട്.

Be the first to comment