വിജയക്കൂട്ടുകെട്ട് തുടരുന്നു; സീസൺ 3-നുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-നെ മുന്നിൽ കണ്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് ഇത്തവണയും നിലനിർത്തിക്കൊണ്ടാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.

മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. ദീപക് സി.എം. ഡയറക്ടർ ഓഫ് ക്രിക്കറ്റിംഗ്/കോച്ചിംഗായും, എസ്. അനീഷ് ബൗളിംഗ് കോച്ചായും, സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും ടീമിനൊപ്പം തുടരും.

പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വവും താരങ്ങളുമായുള്ള മികച്ച ഏകോപനവും തന്നെയാണ് കഴിഞ്ഞ സീസണിലെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് ടീം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അതേ വിജയക്കൂട്ടുകെട്ടിനെ നിലനിർത്തിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സീസൺ 3-ലേക്കും ഇറങ്ങുന്നത്.

“കഴിഞ്ഞ സീസണിൽ നമ്മുടെ പരിശീലക സംഘം കാഴ്ചവെച്ച ആത്മാർത്ഥതയും പ്രൊഫഷണലിസവും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവരുടെ നേതൃത്വത്തിൽ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടാണ് ഈ വിജയക്കൂട്ടുകെട്ട് തുടരട്ടെയെന്ന തീരുമാനമെടുത്തത്. സീസൺ 3-ലും ആരാധകർക്ക് അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിന് ടീമിനെ സജ്ജമാക്കാൻ ഈ പരിശീലക സംഘത്തിന് കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ടീം ഉടമ സുബാഷ് മാനുവൽ പറഞ്ഞു

സീസൺ 3-ലും കിരീടപ്പോരാട്ടത്തിൽ ശക്തമായ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ പരിശീലന ക്യാമ്പുകളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*