സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യല്ലോ അലർട്ടും നിലനിൽക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മീൻപിടുത്തത്തിന് വിലക്ക് തുടരും.

വയനാട് , കാസർഗോഡ്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതി ശക്ത മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലാണ് അവധി. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*