തമിഴ്നാട് മുഖ്യമന്ത്രിയായതോടെ സിനിമയിൽ നിന്ന് പൂർണമായും രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വിജയ്. എന്നിരുന്നാലും, ഒരിക്കൽ കൂടി അദ്ദേഹത്തെ വെള്ളിത്തിരയിൽ കാണണമെന്ന ആഗ്രഹം ആരാധകർ ഇന്നും വിട്ടുകളഞ്ഞിട്ടില്ല. ഇപ്പോഴിതാ, അച്ഛനെക്കുറിച്ചുള്ള തന്റെ വലിയൊരു ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് മകൻ ജേസൺ സഞ്ജയ്.
ബിഹൈൻഡ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഹോളിവുഡ് ആക്ഷൻ താരം ജേസൺ സ്റ്റാതത്തിനൊപ്പം അഭിനയിപ്പിക്കാൻ ഒരു ഇന്ത്യൻ നടനെ തിരഞ്ഞെടുക്കേണ്ടിവന്നാൽ ആരെയാകും തിരഞ്ഞെടുക്കുകയെന്ന ചോദ്യം ജേസൺ സഞ്ജയോട് ചോദിച്ചത്. ഒരു നിമിഷം പോലും ആലോചിക്കാതെ “എന്റെ അച്ഛൻ മാത്രം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിജയും ജേസൺ സ്റ്റാതവും ഒന്നിച്ചെത്തിയാൽ അതൊരു മികച്ച കോമ്പിനേഷനായിരിക്കുമെന്നും ജേസൺ അഭിപ്രായപ്പെട്ടു. “ഈ അഭിമുഖം ജേസൺ സ്റ്റാതം കാണുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന തമാശയും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയോടുള്ള തന്റെ ആരാധനയും ജേസൺ തുറന്നു പറഞ്ഞു.
“ഒരു കാലത്ത് യുവൻ സാറിന്റെ ചിത്രം പ്രിന്റ് ചെയ്ത ഹൂഡികൾ ധരിക്കുമായിരുന്നു. അത് ധരിച്ചുള്ള എന്റെ ചിത്രങ്ങൾ അച്ഛനെക്കൊണ്ട് എടുത്ത് യുവൻ സാറിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു,” എന്നാണ് ജേസൺ പറഞ്ഞത്.

Be the first to comment