ആദ്യം വിള്ളലും ശബ്ദവും, രണ്ടരമണിക്കൂറിനുള്ളിൽ നിലംപൊത്തി; മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ കോഹിനൂർ ബിൽഡിം​ഗിന്റെ ഒരുഭാ​ഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സംഘം, അ​ഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോ​ഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചുണ്ട്.

കാലപ്പഴക്കം കാരണമാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമികനി​ഗമനം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. അതിനിടെ, കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപന അധികൃതർ നേരത്തേ നോട്ടീസ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

നാലുനിലകളിലായി 48 മുറികളാണ് കെട്ടിടത്തിലുള്ളത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ കെട്ടിടത്തിന്റെ ഒരുഭാ​ഗത്തുനിന്ന് വലിയ വിള്ളലിന്റെ ശബ്ദങ്ങൾ കേട്ടിരുന്നതായി താമസക്കാർ പറഞ്ഞു. ഇതോടെ കെട്ടിടത്തിലുണ്ടായിരുന്ന ചിലരെയെല്ലാം ഒഴിപ്പിച്ചു. എന്നാൽ, മറ്റുചിലർ കെട്ടിടത്തിൽ തുടർന്നു. ഇതിനുപിന്നാലെയാണ് രാത്രി 11.30-ഓടെ കെട്ടിടത്തിന്റെ ഒരുഭാ​ഗം തകർന്നുവീണത്.

Be the first to comment

Leave a Reply

Your email address will not be published.


*