ലഹരിക്കെതിരെ വിദ്യാർഥികളെ അണിനിരത്തി കീർത്തനയുടെ സൂംബ ഡാൻസ്; കേസിൽ മറ്റ് അധ്യാപകരുമെന്ന് സൂചന

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും സർവീസിൽ നിന്നും പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പിരിച്ചു വിട്ടത്. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെയും അറസ്റ്റിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. ലഹരിമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്.

വടകര സ്വദേശിയെ പിടിയിലായതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് പുറത്തുവന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്. പണം ലഭിച്ചാൽ നൽകുന്ന ലൊക്കേഷനിൽ എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ നൽകുന്നതായിരുന്നു കീർത്തനയുടെയും കാവ്യയുടെയും രീതി.

അതേസമയം, അറസ്റ്റിലായ കീർത്തന ലഹരിക്കെതിരെ വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. ലഹരി വിരുദ്ധ പ്രചാരണത്തിനായി കീർത്തനയും സൂംബ ചുവടുവച്ചിരുന്നു. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അധ്യാപക പരിശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്.

ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള നീക്കം ഊർജിതമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*