കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതിക്ക് മാനസികരോഗമില്ലെന്നും ലഹരി കിട്ടാത്തതിലുള്ള ആക്രോശത്തിലാണ് കൊലപാതകം നടത്തിയതെന്നും കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരി ബിന്ദു. കേസിൽ ബന്ധുവായ മാങ്കാവ് സ്വദേശി ദീപക് (21) അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
“അവനെ ഭ്രാന്തനാക്കി ചിത്രീകരിച്ച് രക്ഷപ്പെടുത്താൻ നോക്കേണ്ട. ലഹരി കിട്ടാതെ വന്നപ്പോഴാണ് അവൻ എന്റെ ഏട്ടനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഏട്ടന്റെ ഫോൺ കട്ടിലിനുള്ളിൽ ഒളിപ്പിച്ചുവെക്കാനും താൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളയാനും അവന് യാതൊരു മാനസികരോഗവും ഉണ്ടായിരുന്നില്ലല്ലോ? ഇതെല്ലാം അവന്റെ അഭിനയമാണ്,” ബിന്ദു ആരോപിച്ചു.
പ്രതിക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അവർ പറഞ്ഞു. “ഇവൻ വേറെയും ആളുകളെ ലക്ഷ്യം വെച്ചിട്ടുണ്ട്. എന്റെ ഏട്ടനെ ആദ്യം ഒഴിവാക്കിയാലേ ബാക്കിയുള്ളവരെ ചെയ്യാൻ പറ്റൂ എന്നതുകൊണ്ടാണ് ഇത് ചെയ്തത്. മുൻപ് വീടിന് സമീപത്തുള്ള ഒരാളെ അടിച്ചു പരിക്കേൽപ്പിച്ചതിന് ഇവനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നു, അതിന്റെ പകയും മനസ്സിലുണ്ടായിരുന്നു,” ബിന്ദു വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെയാണ് പാളയം പച്ചക്കറി മാർക്കറ്റിന് സമീപം പുതിയ കോവിലകം പറമ്പിൽ ബിജുവിനെ (38) രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പശുവിനെ കറക്കാൻ വിളിച്ചപ്പോൾ മുറി തുറക്കാതിരിക്കുകയും, പുറത്തുനിന്ന് കുറ്റിയിട്ട നിലയിൽ കാണപ്പെടുകയുമായിരുന്നു. സംശയം തോന്നി മുറി തുറന്നു നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിജുവിനെ കണ്ടത്.

Be the first to comment