നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ മാളിലിരുന്ന് ബർഗർ കഴിച്ച സംഭവത്തിൽ സിജെപി പാർട്ടി വക്താവ് വിജേത ദാഹിയയെ പുറത്താക്കി. പ്രതിഷേധക്കാർ തെരുവിൽ പൊലീസിന്റെ ലാത്തിച്ചാർജ് നേരിടുമ്പോൾ മാളിൽ ഇരുന്ന് ഭക്ഷണം കഴിച്ചതും, അതിനെ ന്യായീകരിച്ച് രംഗത്തെത്തിയതുമാണ് ദാഹിയക്ക് തിരിച്ചടിയായത്. പെരുമാറ്റത്തിൽ അഗാധമായ വികാരശൂന്യത നിഴലിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ ഔദ്യോഗിക നടപടി.
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിന് സമീപം സംഘടിപ്പിച്ച ചലോ സൻസദ് റാലിക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ആയിരക്കണക്കിന് വിദ്യാർത്ഥികളും നേതാക്കളും തെരുവിൽ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സമയത്താണ് തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിൽ ഇരുന്ന് ദാഹിയ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. റോഡിൽ ചോരയൊഴുക്കുന്ന പ്രതിഷേധക്കാരും എസി മുറിയിലിരുന്ന് ഭക്ഷണം ആസ്വദിക്കുന്ന വക്താവും തമ്മിലുള്ള വൈരുധ്യം സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമായി.
എന്നാൽ, തെറ്റ് തിരുത്തുന്നതിന് പകരം അഹങ്കാരത്തോടെയുള്ള പ്രതികരണവുമായി ദാഹിയ രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ‘വിശക്കുമ്പോഴാണ് ഒരാൾ ബർഗർ കഴിക്കുന്നത്. അതെ, ഞാൻ ബർഗർ കഴിക്കും, അതിൽ ആരോടും മറുപടി പറയേണ്ടതില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബർഗറിൽ മൈദയും ട്രാൻസ് ഫാറ്റും ഉണ്ടെന്ന് കണ്ടതിനാൽ അത് പിന്നീട് ഉപേക്ഷിച്ചുവെന്ന പരസ്പരവിരുദ്ധമായ വാദങ്ങളും അദ്ദേഹം ഉന്നയിച്ചു.
ദാഹിയയുടെ നിലപാട് പൊതുജനരോഷം ഇരട്ടിയാക്കിയതോടെ പാർട്ടി പ്രതിരോധത്തിലായി. പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നിലനിർത്താനും സമരത്തിലുള്ള വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ദാഹിയയെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്തതായി പാർട്ടി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

Be the first to comment