ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രഞ്ച് പടയെ തറപറ്റിച്ച് ത്രീ ലയൺസ് മൂന്നാമൻ

ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ ആറ് ഗോളുകൾക്കാണ് ജയം. ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഹാട്രിക് നേടി. ഇരട്ട ഗോളുകൾ നേടി കിലിയാൻ എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിൽ മെസ്സിയെ മറികടന്ന് മുന്നിലെത്തി. ഗോളടിച്ച് ദാഹം തീരാത്ത രണ്ട് ടീമുകൾ. ആ അരിശമെല്ലാം തീർത്ത മത്സരം. കാൽപ്പന്ത് ലോകം കണ്ടത് ഏറ്റവും വലിയ രക്തച്ചൊരിച്ചിലുകളിലൊന്ന്. മൈതാനത്തെ യുദ്ധക്കളമാക്കി മാറ്റിയ പത്ത് ഗോളുകൾ പിറന്ന ക്ലാസിക് പോരാട്ടം. അടിച്ചും തിരിച്ചടിച്ചും, മൂന്നാം സ്ഥാനത്തിന് വേണ്ടി രണ്ട് വൻശക്തികൾ നേർക്കുനേർ പോരാടിയ നിമിഷങ്ങൾ. സൂപ്പർ താരം ഹാരി കെയിനിനെ അടക്കം പുറത്തിറക്കി ഇംഗ്ലീഷ് പടയിറങ്ങിയത് അടിമുടി മാറ്റത്തോടെ.

ഫ്രഞ്ച് പടയെ തകർത്തെറിഞ്ഞ്, ആഗോള ഫുട്ബോളിന്റെ നെറുകയിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്. തുടക്കത്തിൽ കളി ഭരിച്ചത് ത്രീ ലയൺസ്. ആദ്യ പകുതിയിൽ ഫ്രാൻസിന്റെ കോട്ടകളെ തച്ചുതകർത്ത് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് നാല് ഗോളുകൾ. ഡെക്ലാൻ റൈസും, എസ്രി കോൻസയും, ശരവേഗത്തിൽ കുതിച്ചുപാഞ്ഞ ബുക്കായോ സാക്കയും ചേർന്ന് ഫ്രഞ്ച് വലകളെ കീറിമുറിച്ചു. കളി അവിടെ തീർന്നെന്ന് നിനച്ച നിമിശം. എന്നാൽ രണ്ടാം പകുതിയിൽ ഫ്രഞ്ച് പട സട കുടഞ്ഞെഴുന്നേറ്റു.

48-ാം മിനിറ്റിലും 66ആം മിനിറ്റിലും കിലിയൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 54-ാം മിനിറ്റിൽ ബർക്കോളയും വലകുലുക്കിയതോടെ സ്കോർ 4-3. എതിർഹാഫിലേക്ക് ഫ്രഞ്ച് പട കുതിച്ച് പാഞ്ഞപ്പോൾ ഇംഗ്ലണ്ട് മധ്യനിര പതിയെ മങ്ങി തുടങ്ങി. എന്നാൽ മൈക്കൽ ഒലിസയ്ക്ക് കാലിടറിയതോടെ, ഫ്രാൻസിന് സമനില ഗോൾ അകലെയായി. അവസാനം ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷേൽ അവസാന ഹസ്ത്രം പരീക്ഷിച്ചു.
പകരക്കാരനായി തട്ടകത്തിലേക്ക് ജൂഡ് ബെല്ലിങ്ഹാം അവതരിച്ചു.

ജൂഡിലൂടെ പിറന്ന മുന്നേറ്റം പെനാൽറ്റിയിൽ കലാശിച്ചു. പന്ത് തൊടുക്കാൻ വീണ്ടും ബുക്കായോ സാക്ക. ഗോൾകീപ്പറെ കബളിപ്പിച്ച് സാക്ക വലകുലുക്കിയപ്പോൾ പിറന്നത് പുതിയ ചരിത്രം. ലോകകപ്പ് വേദിയിൽ ഹാട്രിക് നേടുന്ന നാലാമത്തെ ഇംഗ്ലീഷ് താരം. അത്രപെട്ടെന്ന് എഴുതിത്തള്ളാനാകില്ലെന്ന് പ്രഖ്യാപിച്ച് ഒസ്മാൻ ഡെംബലയിലൂടെ ഫ്രാൻസ് വീണ്ടും വലകുലുക്കി. സ്കോർ 5-4. തിരിച്ചുവരാനുള്ള ഫ്രാൻസിന്റെ എല്ലാ ശ്രമങ്ങളേയും തകർത്ത്, ഇംഗ്ലണ്ട് അവസാന ആണിയടിച്ചു. തോൽക്കാൻ മനസ്സില്ലാത്ത വൻശക്തികളുടെ പോരാട്ടത്തിനൊടുവിൽ, ആറാം ഗോളും നേടി ഫ്രാൻസിനെ തറപറ്റിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായി.

Be the first to comment

Leave a Reply

Your email address will not be published.


*