കേരളത്തിലെ കപ്പൽ നിർമാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. 100 കോടി ഡോളർ (ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ടാറ്റയുടെ നിർദേശം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും അദ്ദേഹം അറിയിച്ചു.
“കപ്പൽ നിർമ്മാണത്തിൽ നിക്ഷേപം നടത്താൻ ടാറ്റ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്,” അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. “ഈ ഇന്ത്യൻ കോർപ്പറേറ്റ് ഗ്രൂപ്പിന് ആവശ്യമായ സ്ഥലം ഞങ്ങൾ നൽകും.” സംസ്ഥാന സർക്കാർ ഈ നിർദ്ദേശം അനുകൂലമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനകം ഇതിന് അനുമതി നൽകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റീൽ, സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങൾ, കാപ്പി തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കപ്പൽ നിർമാണം ഒരു പുതിയ ബിസിനസ്സ് മേഖലയാണ്. ഇന്ത്യയുടെ കപ്പൽ നിർമാണ ശേഷി അതിവേഗം വർധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനുമുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ നിക്ഷേപത്തെ കാണുന്നത്.
വിഴിഞ്ഞം, കൊച്ചി എന്നീ സുപ്രധാന തുറമുഖങ്ങൾക്ക് സമീപം കപ്പൽ നിർമാണം, അറ്റകുറ്റപ്പണി എന്നിവയുൾപ്പെടെയുള്ള സമുദ്ര മൂല്യ ശൃംഖല വിപുലീകരിക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. വിഴിഞ്ഞം ആഴക്കടൽ തുറമുഖവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും എംഎസ്സി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയും തമ്മിലുള്ള 1.4 ബില്യൺ ഡോളറിന്റെ കരാറും നിലവിൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടാറ്റയുടെ ഈ കടന്നുവരവ് കേരളത്തിലെ വ്യാവസായിക മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ പുരോഗതി നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിയുടെ ഉൽപ്പാദന സമയക്രമത്തെക്കുറിച്ചോ കപ്പാസിറ്റിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

Be the first to comment