സുരക്ഷാ ജീവനക്കാരനെ മച്ചെട്ടിയാൽ വെട്ടി; ടെക്സസിൽ യുവാവിന് 50 വർഷം തടവ്

ടെക്സസ്: ഫ്രിസ്കോയിലെ ഒരു ആരാധനാലയത്തിനുള്ളിൽ സുരക്ഷാ ജീവനക്കാരനെ മച്ചെട്ടി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച കേസിൽ ഫ്രിസ്കോ സ്വദേശിയായ മാലിക് ചാൾസ് ആന്തണി ഡേവിസിന് (27) 50 വർഷം തടവുശിക്ഷ വിധിച്ചു. കോളിൻ കൗണ്ടി ജില്ലാ അറ്റോർണി ഗ്രെഗ് വില്ലിസാണ് ശിക്ഷാവിധി സംബന്ധിച്ച വിവരം അറിയിച്ചത്.

2025 ജൂൺ 7-നാണ് ഫ്രിസ്കോയിലെ ഇസ്ലാമിക് സെന്റർ ഓഫ് ഫ്രിസ്കോയിൽ സംഭവം നടന്നത്. താമസസൗകര്യവും ഭക്ഷണവും ലഭിച്ചിരുന്ന പ്രതി കെട്ടിടത്തിനുള്ളിൽ ഒളിഞ്ഞിരുന്ന ശേഷം സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന ആയുധധാരിയായ ഗാർഡിനെ മച്ചെട്ടി ഉപയോഗിച്ച് പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ആക്രമണത്തിനിടെ സുരക്ഷാ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് നിലത്തുവീഴുകയും പ്രതി അത് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്രിസ്കോ പോലീസ് ഇയാളെ സമീപപ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു.

ജൂറി പ്രതിയെ Aggravated Assault കുറ്റത്തിൽ കുറ്റക്കാരനായി കണ്ടെത്തുകയും 50 വർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരന്റെ തോക്ക് മോഷ്ടിച്ച കേസിൽ Theft of a Firearm കുറ്റവും തെളിഞ്ഞതിനെ തുടർന്ന് 180 ദിവസത്തെ അധിക തടവുശിക്ഷയും കോടതി വിധിച്ചു.

ശിക്ഷ നിർണയ വേളയിൽ, കോളിൻ കൗണ്ടി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ സ്വന്തം സെൽമേറ്റിനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതടക്കമുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

ഈ കേസിലെ ശിക്ഷാവിധി, ആരാധനാലയങ്ങളിലെ സുരക്ഷാ ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ കർശനമായി നേരിടുമെന്ന് നിയമസംവിധാനം നൽകുന്ന ശക്തമായ സന്ദേശമാണെന്ന് കോളിൻ കൗണ്ടി ജില്ലാ അറ്റോർണി ഗ്രെഗ് വില്ലിസ് പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*