മസാച്യുസെറ്റ്സ്: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്കൈഡൈവിംഗിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. 28-കാരനായ മണി ചന്ദ്ര തേജ ഗദ്ദം (Mani Chandra Teja Gaddam) ആണ് ദുരന്തത്തിൽ മരിച്ചത്.
ജൂലൈ 12-ന് ഓറഞ്ച് നഗരത്തിലെ ജംപ്‌ടൗൺ സ്കൈഡൈവിംഗ് കേന്ദ്രത്തിൽ നടന്ന സ്കൈഡൈവിനിടെയായിരുന്നു അപകടം. തുറന്ന പാരഷൂട്ടുമായി സുരക്ഷിതമായി താഴേക്കിറങ്ങുന്നതിനിടെ അവസാന ലാൻഡിംഗ് ഘട്ടത്തിൽ അപ്രതീക്ഷിതമായ ശക്തമായ കാറ്റ് പാരഷൂട്ടിന്റെ നിയന്ത്രണം തെറ്റിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ ഏകദേശം 30 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തേജയെ ഉടൻ തന്നെ ആത്തോൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പൊലീസ്, ഓറഞ്ച് പൊലീസ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) എന്നിവയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് കാരണം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനമാണെന്നാണ് സ്കൈഡൈവിംഗ് കേന്ദ്രത്തിന്റെ പ്രാഥമിക വിശദീകരണം.

Be the first to comment