ടൊറന്റോ: റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഒന്റാറിയോ സർക്കാർ ഡ്രൈവിംഗ് നിയമങ്ങൾ കൂടുതൽ കർശനമാക്കി. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കും അപകടകരമായ ഡ്രൈവിംഗിൽ ഏർപ്പെടുന്നവർക്കും ഇനി കൂടുതൽ കടുത്ത ശിക്ഷകളാണ് നേരിടേണ്ടിവരിക.
പുതിയ നിയമപ്രകാരം ലൈസൻസ് സസ്‌പെൻഷൻ കാലാവധി വർധിപ്പിക്കുകയും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ 10 വർഷം വരെ പരിഗണിക്കുകയും ചെയ്യും. ആദ്യ കുറ്റത്തിനുതന്നെ നിർബന്ധിത വിദ്യാഭ്യാസ പരിപാടിയിൽ പങ്കെടുക്കണം. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ചികിത്സാ പരിപാടിയും നിർബന്ധമാക്കിയിട്ടുണ്ട്.
അതേസമയം, അപകടകരമായ ഡ്രൈവിംഗ് മൂലം മരണത്തിന് കാരണമാകുന്നവർക്ക് ജീവപര്യന്തം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള കടുത്ത നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സസ്പെൻഡ് ചെയ്ത ലൈസൻസുമായി വാഹനം ഓടിക്കുന്നവർക്കും വാണിജ്യ വാഹന ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുള്ള ഡ്രൈവിംഗിനും കൂടുതൽ പിഴയും ലൈസൻസ് സസ്‌പെൻഷനും ഏർപ്പെടുത്തും.
റോഡപകടങ്ങൾ കുറയ്ക്കുകയും നിയമലംഘകരെ കർശനമായി നിയന്ത്രിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ നടപ്പാക്കുന്നതെന്ന് ഒന്റാറിയോ സർക്കാർ വ്യക്തമാക്കി.

Be the first to comment