ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 27നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 17-ന് നിലവിലെ പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കും. കഴിഞ്ഞ 50 വര്‍ഷത്തിനിടെ നാലു വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ സര്‍ക്കാരാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. സെപ്തംബര്‍ ഏഴിനാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരിക. 120 സീറ്റുള്ള പാര്‍ലമെന്റില്‍ 61 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് സര്‍വേകള്‍ പറയുന്നത്.
നെതന്യാഹുവിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുകയാണ് ഭൂരിഭാഗം സര്‍വേകളും. ഇസ്രയേല്‍ പ്രധാനമന്ത്രിയായി നെതന്യാഹുവിന്റെ ആറാം ടേമാണിത്. ഏഴാം ടേമിനായി വീണ്ടുമൊരിക്കല്‍ക്കൂടി നെതന്യാഹു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഗസ്സ, ഇറാന്‍ തുടങ്ങി തുടങ്ങിയ സംഘര്‍ഷങ്ങളും ചര്‍ച്ചയാകും. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് സവിശേഷ പ്രാധാന്യമാണുള്ളത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഒറ്റയ്ക്ക് ശരാശരി 25 സീറ്റുകളും ഭരണകക്ഷി കൂട്ടായി 54 സീറ്റുകളും നേടിയേക്കുമെന്നാണ് സര്‍വെ ഫലങ്ങള്‍ പറയുന്നത്. എതിര്‍കക്ഷികള്‍ക്ക് ചില സര്‍വേകള്‍ 65 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഭരണം നഷ്ടമാകില്ലെന്ന പൂര്‍ണമായ ആത്മവിശ്വാസത്തിലാണ് നെതന്യാഹുവും സംഘവും.
ഗസ്സയിലേയും ലെബനനിലേയും തെറ്റായ നയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം രാജിവയ്ക്കാന്‍ നെതന്യാഹു തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജനവികാരം നെതന്യാഹുവിനെതിരാണെന്നും രാഷ്ട്ര പുനര്‍നിര്‍മാണത്തിനും പുത്തന്‍ കാഴ്ചപ്പാടുകള്‍ക്കുമായി എല്ലാവരും ആഗ്രഹിക്കുന്നുവെന്നും എതിര്‍ കക്ഷികള്‍ പറഞ്ഞു.

Be the first to comment