കൊൽക്കത്തയിൽ 12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊന്നു

പശ്ചിമ ബംഗാളിലെ ബാരുയിപൂരിൽ പന്ത്രണ്ടുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി കുറ്റകൃത്യം നടന്ന സ്ഥലം പുനരാവിഷ്കരിക്കുന്നതിനിടെയാണ് (Crime Scene Reconstruction) നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് ബാരുയിപൂർ എസ്.പി അറിയിച്ചു. തെളിവെടുപ്പിനിടെ പ്രതി പോലീസിന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് അന്വേഷണ സംഘത്തിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതി ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചതോടെ സ്വയംരക്ഷാർത്ഥം പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു. വെടിയേറ്റ പ്രഭാഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ പോലീസിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. ബാരുയിപൂർ ബലാത്സംഗ-കൊലപാതകക്കേസ് പ്രതി പ്രഭാഷ് മണ്ഡൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വാർത്ത പങ്കുവെച്ചുകൊണ്ട് പശ്ചിമ ബംഗാൾ പോലീസ് യുപി മോഡൽ കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ബംഗാളികളെ പുതിയ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, ഉത്തർപ്രദേശ് 2.0 ആണിത് എന്നും പറഞ്ഞ അവർ, ഇവിടെയുള്ളത് ബിജെപി സർക്കാരല്ലെന്നും ഇതൊരു കാട്ടുനീതിയാണെന്നും എക്സിൽ (ട്വിറ്റർ) കുറിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ബാരുയിപൂരിലെ ഒരു കുളത്തിൽ കണ്ടെത്തിയ പന്ത്രണ്ടുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് പ്രതികൾ നടത്തിയ ക്രൂരത പുറത്തുവന്നത്. പെൺകുട്ടിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനും മർദ്ദനങ്ങൾക്കും ഇരയാക്കിയ ശേഷം, ജീവനോടെ വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പൊള്ളലേറ്റ അടയാളങ്ങളും തലയുടെ പിൻഭാഗത്ത് ശക്തമായ ആഘാതമേറ്റ പരിക്കുമുണ്ടായിരുന്നു. പെൺകുട്ടിയുടെ ശ്വാസകോശത്തിൽ ചെളി നിറഞ്ഞ വെള്ളം കണ്ടെത്തിയിട്ടുണ്ട്. കുളത്തിൽ തള്ളുന്ന സമയത്ത് പെൺകുട്ടി ശ്വസിക്കുന്നുണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്. അമിത രക്തസ്രാവവും മുങ്ങിമരണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പോക്സോ (POCSO) വകുപ്പുകൾ എന്നിവ കേസിൽ അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലാമതൊരു പ്രതിയെ കഴിഞ്ഞ ഞായറാഴ്ച പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പ്രതികളിലൊരാൾ പെൺകുട്ടിയോടൊപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ നീക്കങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*