പത്തനംതിട്ടയെ ഞെട്ടിച്ചുകൊണ്ട്, ക്രമസമാധാനം പാലിക്കേണ്ട പൊലീസുകാർ തന്നെ മദ്യലഹരിയിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പോടിച്ച ‘തൂഫാൻ’ ടീമിനെ കൈയ്യോടെ പിടികൂടിയത് വനിതാ ഓട്ടോ ഡ്രൈവറാണ്. ഇവർ പൊലീസ് സംഘത്തെ പിടികൂടുന്നതും ചോദ്യം ചെയ്യുന്നതും അടക്കമുള്ള വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.
വണ്ടി ഓടിച്ചിരുന്ന പൊലീസുകാരൻ സ്റ്റിയറിങ്ങിന് മുന്നിൽ ബോധമില്ലാതെ സീറ്റിൽ പുറകോട്ട് ചാഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ജീപ്പ് മുന്നോട്ട് നീങ്ങിയത്. മറ്റു വാഹനങ്ങളിലും തൻ്റെ ഓട്ടോറിക്ഷയിലും ഈ പൊലീസ് ജീപ്പ് ഇടിക്കേണ്ടതായിരുന്നുവെന്നും, തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും മയിലാപ്ര സ്വദേശിയായ വനിതാ ഓട്ടോ ഡ്രൈവർ ശോഭ പറയുന്നത്.
പൊലീസ് വാഹനത്തിൻ്റെ അസ്വാഭാവികമായ ഓട്ടവും വെട്ടിക്കലുകളും കണ്ട് സംശയം തോന്നിയ ശോഭ, തൻ്റെ ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നിട്ടും ഒട്ടും മടിക്കാതെ ധീരമായി ജീപ്പിനെ പിന്തുടരുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ജീപ്പ് തടഞ്ഞുനിർത്തുകയും ഒട്ടും സമയം കളയാതെ ജീപ്പിൻ്റെ താക്കോൽ ഊരി വാങ്ങുകയുമായിരുന്നു. ശോഭയുടെ ഈ കൃത്യസമയത്തുള്ള ഇടപെടലാണ് റോഡിൽ വൻ ദുരന്തം ഒഴിവാക്കിയത്.

Be the first to comment