ഇറാൻ കരാർ അവസാനിച്ചതായി ട്രംപ്, ചർച്ച പാഴ്വേലയെന്നും വിലയിരുത്തല്‍

വാഷിങ്ടൺ: ഇറാൻ കരാർ അവസാനിച്ചതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്റാനുമായുള്ള ചർച്ച പാഴ്വേലയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെയാണ് ആശങ്ക വർധിപ്പിച്ച് പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഇറാനിയൻ പ്രവിശ്യകളായ ഹോർമോസ്ഗാനിലും മാഹ്ഷാറിലും അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിലുള്ള ട്രംപ് ഈ പ്രസ്താവന നടത്തിയത്.

ഇറാനിയൻ ഭരണകൂടത്തെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ച ട്രംപ്, അവർ അപകടകാരികളാണെന്നും അവരുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നും കൂട്ടിച്ചേർത്തു.ഇറാൻ നടത്തിയ കപ്പൽ ആക്രമണങ്ങളും അതിന് മറുപടിയായി അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളും മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനുമായുള്ള കരാർ തകർന്നതായി ട്രംപ് കൂടി പ്രഖ്യാപിച്ചതോടെ, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുമെന്ന് ഉറപ്പായി.

ഇതിനിടെ മേഖലയിൽ സംഘർഷ ഭീതി പരത്തി ഇറാന്റെ തിരിച്ചടി നടത്തുകയും ചെയ്തു. യു.എസിന്റെ ഒരു എം.ക്യു 9 ഡ്രോൺ ഇറാൻ വെടിവച്ചിട്ടു. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ചാണ് വെടിവെച്ചിട്ടതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് വക്താവ് ഹുസൈൻ മുഹ്ബി അറിയിച്ചതായി തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എസ് സൈന്യം ആക്രമിച്ചതിനാലാണ് തിരിച്ചടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെയും കുവൈത്തിലെയും 85 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.

ഇറാൻറെ തെക്കൻ പ്രവിശ്യകൾക്ക് നേരെയുണ്ടായ യു.എസ് ബോംബാക്രമണത്തിനുള്ള ‘പ്രാഥമിക മറുപടി’യാണ് ഇതെന്നാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കുന്നത്. ബഹ്‌റൈനിലെ യു.എസ് അഞ്ചാം കപ്പൽപ്പടയുടെ താവളവും കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളവും ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായും ഐ.ആർ.ജിസി അവകാശപ്പെടുന്നു.

കുവൈത്തിന് നേരെ ഇന്ന് പുലർച്ചെ ആറ് മണിയോടെ ആയിരുന്നു പുതിയ ആക്രമണം.അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർഥിച്ചു.

ബഹ്‌റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ജനങ്ങളോട് ശാന്തരായിരിക്കാനും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.അമേരിക്കൻ സൈന്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് മേഖലയാകെ കനത്ത ജാഗ്രതയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*